khadhi

പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോർഡ് വസ്ത്രവിസ്മയങ്ങളുമായി ഓണത്തിനൊരുങ്ങി. കലംകാരിയും പോച്ചംപള്ളി സാരിയും വിൽപനയുടെ മാറ്റ് കൂട്ടി രംഗത്തുണ്ട്. എല്ലാ വസ്ത്രങ്ങൾക്കും മുപ്പത് ശതമാനം റിബേറ്റുമുണ്ട്. ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന് കീഴിൽ ഇലന്തൂർ, അടൂർ, പത്തനംതിട്ട, റാന്നി എന്നിവിടങ്ങളിൽ നടക്കുന്ന മേളയിൽ ഖാദി വസ്ത്രങ്ങൾക്ക് ഇളവ് ലഭിക്കും.

കോട്ടൺ, സിൽക്ക് സാരികൾ, സിൽക്ക് റെഡിമെയ്ഡ് ഷർട്ടുകൾ, ഷർട്ടിംഗ്, ബെഡ്ഷീറ്റുകൾ, ഷാളുകൾ, ചുരിദാർ ടോപ്പുകൾ, തോർത്തുകൾ, മുണ്ടുകൾ, ടവലുകൾ, പഞ്ഞി കിടക്കകൾ, തലയിണകൾ, നറുതേൻ, എള്ളെണ്ണ, ഖാദി ബാർ സോപ്പ് തുടങ്ങി വിവിധതരം ഖാദി ഉൽപന്നങ്ങൾ വിൽപനയ്ക്കെത്തിക്കുന്നുണ്ട്.

സീസണിലെ വലിയലാഭം

ഓണമാണ് ഖാദിയുടെ പ്രധാന സീസൺ. ഈവർഷം ഇതുവരെ 55 ലക്ഷം രൂപയുടെ വിറ്റുവരവാണ് ഉണ്ടായിട്ടുള്ളത്. സാരി ശേഖരവും മുണ്ടും എള്ളെണ്ണയുമെല്ലാം ലാഭം നേടുന്ന പ്രധാന ഉൽപ്പന്നങ്ങളാണ്. ചക്കിലാട്ടിയ എള്ളെണ്ണയാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. വിൽപന നടക്കുന്ന തുക ഉപയോഗിച്ചാണ് താത്കാലിക ജീവനക്കാർക്ക് ശമ്പളം നൽകുന്നത്.

ഖാദി ഉൽപ്പന്ന വിൽപ്പന കേന്ദ്രങ്ങൾ

ഇലന്തൂർ : 8113870434

പത്തനംതിട്ട : 9744259922

റാന്നി : 7736703933

അടൂർ : 9061210135.

നെയ്ത്ത് തകൃതി

ഓണത്തിനായുള്ള മുണ്ടും കൈലിയും നെയ്യുകയാണ് ജില്ലാഖാദി ഗ്രാമവ്യവസായ ഓഫീസിലുള്ള നെയ്ത്തുകേന്ദ്രത്തിൽ. മുണ്ടും കൈലിയുമാണ് പ്രധാനമായും നിർമ്മിക്കുക. ഇത് ജില്ലയുടെ എല്ലാ ഭാഗത്തും വിൽപനയ്ക്കായി എത്തിക്കും.

കൈനിറയെ സമ്മാനങ്ങളും

ഓണക്കാലയളവിൽ വിവിധതരം സമ്മാന പദ്ധതികളും ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ 1000 രൂപയുടെ ബില്ലിൻമേലും ലഭിക്കുന്ന കൂപ്പണുകളിൽ നിന്ന് നറുക്കെടുപ്പിലൂടെ ആഴ്ച തോറും 3000 രൂപയുടെ പർച്ചേസ് കൂപ്പണും മെഗാ സമ്മാനമായി ഇലക്ട്രിക്ക് കാർ , രണ്ടാംസമ്മാനം ബജാജ് ചേതക് ഇ.വി , മൂന്നാം സമ്മാനമായി 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകൾ എന്നിവ ലഭിക്കും.

ഓണത്തിനാണ് ഖാദി ബോർഡിന് കൂടുതൽ ലാഭം നേടുന്നത് . മുപ്പത് ശതമാനം റിബേറ്റ് ഉണ്ട്.

വി.ഹരികുമാർ,

ജില്ലാഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസർ