വെൺമണി: വെണ്മണിയിൽ കാട്ടുപന്നിശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം മൂന്ന് കർഷകരുടെ കാർഷിക വിളകളാണ് രാത്രി പന്നികൾ കൂട്ടമായി എത്തി നശിപ്പിച്ചത്. വെണ്മണിയിലെ പടിഞ്ഞാറെ ആലുനിൽക്കുന്നതിൽ എ.ജെ തങ്കച്ചന്റെ കുലയ്ക്കാറായ 50ഓളം ഏത്തവാഴകളും 45 മൂട് ചേമ്പും, 29 മൂട് ചേനയുമാണ് കുത്തിമറിച്ചത്. കൂടാതെ പച്ചക്കറിയും വ്യാപകമായി നശിപ്പിച്ചു . വെണ്മണി കല്ല്യാത്ര വിപണിക്ക് സമീപം പാട്ടത്തിനെടുത്ത ഭൂമിയിലാണ് തങ്കച്ചൻ കൃഷി ചെയ്‌തു വരുന്നത്. മുൻപും ഈ പറമ്പിൽ ചെറിയ വാഴകൾ നശിപ്പിച്ചിരുന്നു. അവ രണ്ടാമതും നാമ്പെടുത്തു വന്നപ്പോൾ അതും നശിപ്പിച്ചു. ഇതിനു സമീപത്തുള്ള കിറുങ്ങണമലയിൽ സുഭദ്രാമ്മയുടെ ചേനകളും, നാലൊന്നിൽ സൈമൺ പാസ്‌റ്ററുടെ 40 മൂട് ഏത്തവാഴയും നശിപ്പിച്ചു. വെണ്മണി പടിഞ്ഞാറ്റുംമുറി ഭാഗത്തും കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഇവിടെ ജാതി മരത്തിന്റെ ചുവട്ടിൽ ഇട്ടിരുന്ന ചാണകവളം കുത്തിയിളക്കി മറിച്ചിരുന്നു.
..............................................
കാട്ടുപന്നിയെ തുരത്താൻ പല ഉപായങ്ങൾ കർഷകർ പ്രയോഗിച്ചെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ഇവറ്റകൾ വിളനാശം തുടരുകയാണ്. പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെട്ട് പന്നികളെ വെടിവച്ചു കൊല്ലാൻ നടപടി സ്വീകരിക്കണം.
തങ്കച്ചൻ
(കർഷകൻ)