കോന്നി: സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ ഓണാഘോഷം നടക്കുന്ന കേന്ദ്രമായി കോന്നിയെ മാറ്റാനുള്ള പരിശ്രമത്തിലാണ് സംഘാടകർ. ഇതിനായുള്ള വിപുലമായ ഒരുക്കങ്ങളാണ് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ നടക്കുന്നത്. കേരളാ ഫോക്ക്ലോർ അക്കാദമിയും, തദ്ദേശ സ്വയംഭരണ, ടൂറിസം, വനം, വ്യവസായ വകുപ്പുകൾ ഉൾപ്പടെയുള്ള സർക്കാർ വകുപ്പുകളുമാണ് കോന്നി കരിയാട്ടത്തിന്റെ സംഘാടകർ. കരിയാട്ടം ടൂറിസം എക്സ്പോയുടെ നടത്തിപ്പിനായി കൂറ്റൻ പന്തലാണ് കോന്നി കെ.എസ്.ആർ.ടി.സി മൈതാനിയിൽ ഒരുങ്ങുന്നത്.പതിനായിരത്തിലധികം ആളുകൾക്ക് ഇരുന്ന് കലാപരിപാടികൾ കാണാൻ കഴിയുന്ന എൻറർടെയിൻമെന്റ് ഏരിയാ, പ്രദർശന -വിപണനമേള നടുത്തുന്നതിനായി ശീതീകരിച്ചതും, അല്ലാത്തതുമായ 200 ലധികം സ്റ്റാളുകൾ, വൈവിദ്ധ്യം നിറഞ്ഞ വിഭവങ്ങളുമായി ഭക്ഷണശാല, കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന അമ്യൂസ്മെൻറ് പാർക്ക്, വളർത്തു പക്ഷികളേയും, മൃഗങ്ങളേയും പ്രദർശിപ്പിക്കുന്ന പെറ്റ് ഷോ, ഫാമിലി ഗെയിം ഷോ തുടങ്ങിയവയുടെ വലിയ പ്രദർശന കേന്ദ്രമായി കോന്നി മാറും. മന്ത്രിമാർ, പ്രശസ്ത ചലച്ചിത്ര താരങ്ങൾ, ഗായകർ തുടങ്ങി നിരവധി കലാകാരന്മാർ കരിയാട്ടത്തിന്റെ ഭാഗമായി കോന്നിയിലെത്തും. ശാസ്ത്രീയ നൃത്തങ്ങളും, കഥകളി ഉൾപ്പടെയുള്ള കലാരൂപങ്ങളും, പ്രശസ്തമായ സംഗീത ബാന്റുകളും കോന്നിയുടെ 10 ദിനരാത്രങ്ങളെ ആഘോഷ തിമിർപ്പിലാക്കും. 30 മുതൽ സെപ്റ്റംബർ 8 വരെയാണ് ടൂറിസം എക്സ്പോ നടക്കുക. കുട്ട വഞ്ചി തുഴച്ചിൽ മത്സരം, കയാക്കിംഗ് മത്സരം, വടംവലി, തിരുവാതിര -അത്തപ്പൂക്കള - ചിത്രരചനാ മത്സരങ്ങൾ തുടങ്ങിയവയും കോന്നി കരിയാട്ടത്തിന്റെ ഭാഗമായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.