road
പൊയ്കയിൽപടി -കൊച്ചാലുമൂട് റോഡ്

തിരുവല്ല : ഏറെക്കാലമായി തകർച്ചയിലായ ഇരവിപേരൂർ - കോയിപ്രം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൊയ്കയിൽപടി -കൊച്ചാലുമൂട് റോഡിനെക്കുറിച്ച് പരാതിപറഞ്ഞു നാട്ടുകാർ മടുത്തു. പൊതുമരാമത്തിന്റെ ഉടമസ്ഥയിലുള്ള ഇരവിപേരൂർ -പുത്തൻകാവ് റോഡിന്റെ ഭാഗമായി കിടക്കുന്ന കൊച്ചാലുമൂട് മുതൽ പൊയ്കയിൽപടി വരെയുള്ള ഭാഗത്ത് വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതുമൂലം റോഡിൽകൂടി നടന്നുപോകൻ പോലും പറ്റാത്ത അവസ്ഥയിലാണ്. നിരവധി വാഹനങ്ങൾ ഇവിടെ കുഴികളിൽ വീണ് അപകടം സംഭവിച്ചിട്ടുണ്ട്. ഈ റോഡിന്റെ ഭാഗമായ രണ്ട് മേജർ കലുങ്കുകളും ഭാരവാഹനങ്ങൾ കയറി ബലക്ഷയം സംഭവിച്ചിരിക്കുകയാണ്. കലുങ്ക് റോഡ് ഇടിഞ്ഞു താഴ്ന്നതോടെ ചെറിയ മഴയത്ത് പോലും റോഡിൽ വെള്ളം കയറുന്ന അവസ്ഥയാണ്. സമീപത്തെ പ്രധാന സ്ഥലങ്ങളിലേക്ക് പോകാനായി ആളുകളും നിരവധി സ്കൂൾ വാഹനങ്ങളും മുഖ്യമായി ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. പി.ആർ.ഡി.എസ് ആസ്ഥാനത്തിന് സമീപംകൂടി പോകുന്ന ഈ റോഡാണ് അവിടെയെത്തുന്ന തീർത്ഥാടകർക്കും പ്രധാനആശ്രയം. ആറന്മുള നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ഈ പാതയിൽ എന്തെങ്കിലും നിർമ്മാണ പ്രവർത്തനമോ അറ്റകുറ്റപ്പണിയോ ചെയ്തിട്ട് വർഷങ്ങളായി. യാത്രക്കാരും പ്രദേശവാസികളും ദുരിതമെല്ലാം സഹിച്ചുകഴിയുകയാണ്.

പ്രതിഷേധ കൂട്ടായ്മ

ആധുനിക രീതിയിൽ ഈ റോഡ് ടാറിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് നെല്ലിമല പൗരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. നെല്ലിമല ബഥേൽ മാർത്തോമ്മാ ഇടവക വികാരി റവ.പ്രേംജോൺ പി.ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജു മുക്കത്ത് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സുബിൻ നീറുംപ്ലാക്കൽ, പാസ്റ്റർ തോമസ്കുട്ടി, തോമസ് ജേക്കബ്, ബിജി ജോൺ, സെക്രട്ടറി ജോൺ മാത്യു, രാജു അമ്പൂരാൻ, ജോയി വാക്യപ്പടിക്കൽ, ബിനു വാഴുവേലിൽ, ജോൺ വർഗീസ്, ജിജി കൊണ്ടൂർ, സണ്ണി അഞ്ചനാട്ട് എന്നിവർ പ്രസംഗിച്ചു.