തിരുവല്ല : വിനായക ചതുർത്ഥിയോടനുബന്ധിച്ച് ഇന്ത്യ-പാക് യുദ്ധത്തിൽ അതിർത്തിയിൽ വീരമൃത്യു വരിച്ച സൈനികർക്ക് പ്രാർത്ഥനകളുമായി പെരിങ്ങര യമ്മർകുളങ്ങര മഹാഗണപതിക്ക് ഇന്ന് 1001 നാളികേരം ഹോമിക്കും. ഇന്ത്യൻ കരസേനയിൽ നിന്ന് വിരമിച്ച മുതിർന്ന സൈനികോദ്യോഗസ്ഥൻ കൊല്ലം സ്വദേശി കേണൽ രാമചന്ദ്രൻ നായരാണ് വഴിപാടായി നാളികേരം സമർപ്പിച്ചത്. തന്ത്രി ത്രിവിക്രമൻ വാസുദേവൻ ഭട്ടതിരിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന ചടങ്ങിൽ പ്രത്യേകപൂജയും നടക്കും. ഗണപതിഹോമത്തിന് സമർപ്പിക്കാനുള്ള എള്ള് പൂർവസൈന്യ സേവാപരിഷത്തിന്റെ നേതൃത്വത്തിലാണ് സമർപ്പിച്ചത്. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്തും ക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയ ഗണപതിഹവനം നടന്നിരുന്നു. വിനായക ചതുർത്ഥിയുടെ ഭാഗമായി നൂറുകണക്കിന് നാളികേരളത്തിന്റെ മഹാഗണപതിഹോമമാണ് നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് ഇതിനായി നാളികേരം എത്തിച്ചു. പുലർച്ചെ മൂന്നുമുതൽ ചടങ്ങുകൾ ആരംഭിക്കും. രാവിലെ എട്ടിന് നവകം, 11ന് കളഭാഭിഷേകം. ഉച്ചയ്ക്ക് നടക്കുന്ന ചതുർത്ഥിയൂട്ടിൽ ആയിരങ്ങൾ പങ്കെടുക്കും. വൈകിട്ട് 7ന് ദീപാരാധന. 8ന് മഹാചതുർത്ഥിപൂജ, യമ്മർകുളങ്ങര ക്ഷേത്ര സമിതിയുടെ നേതൃത്വത്തിലാണ് പരിപാടികൾ.