മാന്നാർ: 171-ാമത് ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ദിനമായ സെപ്തംബർ 7ന് സമർപ്പണം നടത്തുന്ന എസ്.എൻ.ഡി.പി മാന്നാർ യൂണിയന്റെ പുതിയ ഓഫീസ് കെട്ടിട സമുച്ചയത്തിൽ ഗുരു ധർമ്മാനന്ദജിയുടെ സ്മരണകൾ ഉണരുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. ശ്രീനാരായണഗുരുദേവനെ ജീവിതത്തിന്റെ വഴിയും വഴികാട്ടിയുമായി ദർശിച്ച് പതിനായിരങ്ങളെ മാർഗത്തിലേക്ക് കൈപിടിച്ചുയർത്തിയ, മാന്നാർ യൂണിയൻ പരിധിയിലുള്ള ചെറുകോൽ ഈഴക്കടവ് ഗ്രാമത്തിൽ ഭൂജാതനായ ഗുരു ധർമ്മാനന്ദജിയുടെ സ്മരണകൾ നില നിറുത്തുന്നതിനായി ഗുരുവിന്റെ ഛായാചിത്രം മാന്നാർ എസ്.എൻ.ഡി.പി യൂണിയന്റെ പുതിയ ഓഫീസ് കെട്ടിടത്തിൽ സ്ഥാപിക്കും. ഗുരു ധർമ്മാനന്ദജിയുടെ ഛായാചിത്രം അനാച്ഛാനവും ഇതോടൊപ്പം, മാന്നാർ യൂണിയൻ പ്രഥമ കൺവീനർ ജയലാൽ എസ്.പടീത്തറക്ക് ആദരവും വിദ്യാഭ്യാസ പ്രതിഭകൾക്കുള്ള പുരസ്‌കാര സമർപ്പണവും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിക്കും. മാന്നാർയൂണിയൻ ഓഫീസ് കെട്ടിട സമുച്ചയ നിർമ്മാണ ശില്പികൾക്കും സാങ്കേതിക വിദഗ്ധർക്കുമുള്ള ആദരവ്, സംയുക്ത ചതയ ഘോഷയാത്രയിൽ വിജയികളാകുന്നവർക്കുള്ള സമ്മാനദാനം എന്നിവ ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജും നിർവഹിക്കുമെന്ന് യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ, കൺവീനർ അനിൽ പി.ശ്രീരംഗം, ജോ. കൺവീനർ പുഷ്പ ശശികുമാർ എന്നിവർ പറഞ്ഞു.