ഏറത്ത് : ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ പട്ടികജാതി വാസകേന്ദ്രമായ ചരുവിള നഗറിന്റെ വികസനത്തിന് ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ അടങ്കൽ വകയിരുത്തിയിട്ടുള്ളത്. സംസ്ഥാനതലത്തിൽ വിവിധ ജില്ലകളിലായി 73 പട്ടികജാതി നഗറുകളുടെ പട്ടികകളിലൊന്നിൽ വകുപ്പ് മന്ത്രിക്ക് നൽകിയ പദ്ധതി നിർദ്ദേശപ്രകാരമാണ് കഴിഞ്ഞ ദിവസം പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. കോളനിയിലേക്ക് എത്തുന്നതും കോളനിയിൽ ഉൾപ്പെട്ടതുമായ റോഡുകളുടെ വികസനം, വൈദ്യുതീകരണം, ശുദ്ധജലം ഉറപ്പാക്കൽ, വീടുകളുടെ പുനരുദ്ധാരണം ഉൾപ്പെടെയുള്ള സമഗ്ര അടിസ്ഥാന വികസനം ഉറപ്പാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും ഈ സർക്കാരിന്റെ കാലയളവിനുള്ളിൽ തന്നെ പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു.