hospital-

റാന്നി : പെരുനാട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ എക്സ് റേ മെഷീൻ ഉണ്ടെങ്കിലും പ്രയോജനമില്ല. മെഷീൻ സ്ഥാപിച്ച മുറിയിൽ ത്രീഫേസ് കണക്ഷനില്ല. മെഷീൻ പ്രവർത്തിപ്പിക്കാൻ ടെക്നീഷ്യനുമില്ല. പത്തുവർഷമായി ഉപയോഗമില്ലാതെ കിടക്കുകയാണ് മെഷീൻ . ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള ആരോഗ്യകേന്ദ്രമാണിത്. തീർത്ഥാടനകാലത്ത് ഉണ്ടാകുന്ന അപകടങ്ങളിൽ ഉൾപ്പെടെ നിരവധി പേരാണ് ഇവിടെ ചികിത്സതേടി എത്തുന്നത്. . വീണ്ടും ഒരു മണ്ഡലകാലം അടുക്കുമ്പോഴും നടപടികളിലെ മെല്ലെപ്പോക്ക് കാരണം എക്സ് റേ മെഷീൻ എന്ന് ഉപയോഗിക്കാനാകുമെന്ന് അധികൃതർക്ക് അറിയില്ല. ടെക്നീഷ്യൻ നിയമനത്തിനായി ജില്ലാ മെഡിക്കൽ ഒാഫീസറെ വിവരം അറിയിച്ചപ്പോൾ സി.എച്ച്.സി പോലുള്ള കേന്ദ്രങ്ങളിൽ ഇത്തരത്തിലുള്ള നിയമനങ്ങൾ ആരോഗ്യവകുപ്പ് നടത്താറില്ലെന്നാണ് മറുപടി ലഭിച്ചത്. ആശുപത്രിയുടെ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്തിന് ആവശ്യമെങ്കിൽ നിയമനം നടത്താനാകും. ഇതോടെ പ്രതിസന്ധിയായി. അധികൃതരുടെ കാര്യക്ഷമമായ ഇടപെടലുണ്ടായാലേ പ്രശ്നത്തിന് പരിഹാരം കാണാനാകു.

കഴിഞ്ഞ ശബരിമല തീർത്ഥാടനകാലത്ത് ആന്ധ്രാ സ്വദേശികൾ സഞ്ചരിച്ച ബസ് ളാഹയിൽ അപകടത്തിൽപ്പെട്ടപ്പോൾ പരിക്കേറ്റവരെ എത്തിച്ചത് ഇവിടെയാണ്. എന്നാൽ എക്സ്റേ സംവിധാനം ഇല്ലാത്തതിനാൽ പലരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റേണ്ടിവന്നു. പെരുനാട്, അത്തിക്കയം, കുടമുരുട്ടി, കൊച്ചുകുളം, മാമ്പാറ, ളാഹ, കൂനംകര തുടങ്ങിയ മലയോര പ്രദേശങ്ങളിലുള്ളവരും ഈ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. പ്രശ്നം പരിഹരിക്കാൻ മന്ത്രി വീണാജോർജ് ഇടപെടണമെന്ന ആവശ്യം ശക്തമാണ്.

പരിമിതികൾ പലവിധം

അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതായിരുന്നു എക്സ്റേ സംവിധാനങ്ങൾക്ക് തടസമായി അധികൃതർ മുമ്പ് ഉന്നയിച്ചിരുന്ന വാദം. എന്നാൽ പിന്നീട് ഇതിനായി മുറി ഒരുക്കിയതോടെ ഇലക്ട്രിക്കൽ സൗകര്യങ്ങൾ ഇല്ലാത്തത് തടസമായി. മുറിയിൽ ത്രീ ഫേസ് വൈദ്യുതി കണക്ഷൻ നൽകാൻ അപേക്ഷ കൊടുത്തിരിക്കുകയാണെന്ന് അധികൃതർ പറയുന്നു.. കണക്ഷൻ ലഭിച്ച ശേഷം ടെക്നീഷ്യനെക്കൂടി നിയമിച്ചാൽ എക്സ് റേ മെഷീൻ പ്രവർത്തിപ്പിക്കാൻ കഴിയും .

----------------------------

ലക്ഷങ്ങൾ മുടക്കി എക്സ്റേ മെഷീൻ വാങ്ങി വർഷങ്ങളോളം മുറിയിൽ പൂട്ടിവച്ചിരിക്കുന്നത് അനാസ്ഥയും, കെടുകാര്യസ്ഥതയുമാണ് . അടിയന്തരമായി ഇതിനു ശ്വാശ്വത പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കും.

അരുൺ അനിരുദ്ധൻ

(പഞ്ചായത്ത് അംഗം, കക്കാട് വാർഡ് പെരുനാട്)​

-----------------------

10 വർഷമായി ഉപയോഗമില്ല