കോന്നി: ചെങ്ങറ സമരഭൂമിയിൽ ആദ്യംപിറന്ന സമരജ വോട്ടറായി. പുതുക്കിയ വോട്ടർ പട്ടികയിൽ സമരജയുടെ പേരുമുണ്ട്. ഹാരിസൺ മലയാളം പ്ളാന്റേഷനിൽ സാധുജന വിമോചന സംയുക്ത വേദിയുടെ ആഭിമുഖ്യത്തിൽ വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച കുടിൽകെട്ടി സമരം ശ്രദ്ധനേടിയിരുന്നു. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി സമരക്കാർക്ക് പതിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് ളാഹഗോപാലന്റെ നേതൃത്വത്തിലായിരുന്നു സമരം.ഇവരെ പിന്തിരിപ്പിക്കാൻ ശ്രങ്ങൾ നടന്നെങ്കിലും സമരക്കാർ പിൻമാറിയില്ല. നിരവധി കുടുംബങ്ങളാണ് സമരഭൂമിയിലുള്ളത്.
2018 ജൂലായ് 17 ന് രാവിലെ 9:.30നാണ് സമരഭൂമിയിലെ പത്തനാപുരം മീനാഞ്ചാൽ ചെങ്കിലാത്ത് സുരേഷ് കുമാർ, രമ ദമ്പതികൾക്ക് പെൺകുട്ടി ജനിച്ചത്. സമരം ആരംഭിച്ച ശേഷം ഇവിടെ ജനിച്ച ആദ്യകുട്ടിയായിരുന്നു ഇത്. സമരഭൂമിയിൽ നിന്ന് പുറത്തേക്കുപോയി ആശുപത്രിയിലെത്താൻ അന്ന് ബുദ്ധിമുട്ടായിരുന്നു. കുടിലിൽത്തന്നെയായിരുന്നു പ്രസവം. സമരഭൂമിയിൽ പിറന്ന കുട്ടിക്ക് സമരത്തിൽ ജനിച്ചവൾ എന്ന് അർത്ഥമുള്ള സമരജ എന്ന് പേരിട്ടു.
സമരഭൂമിയിൽ ഐക്യദാർഢ്യവുമായെത്തിയ മേധാപഡ്കറും അരുന്ധതി റോയിയും അന്ന് സമരജയെ കുടിലിലെത്തി കണ്ടിരുന്നു. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിനായി മാതാപിതാക്കൾക്ക് അന്നത്തെ കൊല്ലം ജില്ലാ കളക്ടറെ സമീപിക്കേണ്ടിവന്നു.
സമരജയുടെ ഒന്നാം പിറന്നാൾ സമരഭൂമിയിൽ വിപുലമായാണ് ആഘോഷിച്ചത്. സരുൺ, രേവതി എന്ന രണ്ട് മൂത്ത സഹോദരങ്ങൾ കൂടി സമരജയ്ക്കുണ്ട്.
സമരജ ഇപ്പോൾ ഇളമണ്ണൂർ ഗവ.വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.