ചെങ്ങന്നൂർ: അന്യം നിന്നുപോയ കാർഷിക സംസ്കാരം തിരികെകൊണ്ടുവരുന്നതിനും കർഷക കൂട്ടായ്മകളെ ശക്തിപ്പെടുത്തുന്നതിനും ഗതകാല കാർഷിക സൗഭാഗ്യങ്ങളെ തിരിച്ചറിയുന്നതിനും ചെങ്ങന്നൂർ നിയോജകമണ്ഡലങ്ങളിലുടനീളം ഗ്രാമചന്തകൾ ആരംഭിക്കുവാൻ മന്ത്രി സജിചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആലോചന യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാർ, കൃഷി വകുപ്പു ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. വീട്ടിൽ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങൾ ഗ്രാമചന്തകളി ലൂടെ കൈമാറ്റം ചെയ്യുക വഴി തദ്ദേശീയ കാർഷിക ഉല്പന്നങ്ങൾക്ക് പരമാവധി പ്രോത്സാഹനം ലഭിക്കുന്നതിനും ജൈവകൃഷിയിലൂടെ ഉല്പാദിച്ച സാധനങ്ങൾ ഇടനിലക്കാരില്ലാതെ ഗ്രാമീണർക്ക് ലഭിക്കുന്നതിനും എല്ലാ പഞ്ചായത്തുകളിലും കൃത്യമായി നടപ്പിലാക്കുന്നതിനും തീരുമാനമായി. ആഴ്ചയിൽ ഒരുദിവസം ഗ്രാമചന്തകൾ നടത്തുന്നതിന് തീരുമാനമായി. ബുധനൂർ (എണ്ണയ്ക്കാട് ജംഗ്ഷൻ). മാണാർ (മാന്നാൽ സർവീസ് സഹകരണ ബാങ്കിന് സമീപം), തിരുവൻവണ്ടൂർ (കല്ലിശേരി ജംഗ്ഷൻ),മുളക്കുഴ (കാരയ്ക്കാട് ജംഗ്ഷൻ), പുലിയൂർ (കുളിക്കാം പാലം ജംഗ്ഷൻ),പാണ്ടനാട് (മിത്രമഠം പാലം ) .വെൺമണി (അമ്പീമുക്ക് ).ചെറിയനാട് (പടനിലം ജംഗ്ഷൻ),ചെന്നിത്തല (കോട്ടമുറി) എന്നീ കേന്ദ്രങ്ങൾ ഗ്രാമ ചന്തകൾ ആരംഭിക്കും. ചെങ്ങന്നൂർ നഗരസഭയിലും ആലാ പഞ്ചായത്തിലും ഗ്രാമ ചന്തകൾ നിലവിലുണ്ട്.പാണ്ടനാട് ചന്ത സെപ്തംബർ മൂന്നിന് ആരംഭിക്കും. പഞ്ചായത്ത് പ്രസിഡന്റ് , കൃഷിഓഫീസർമാർ, കർഷക പ്രതിനിധികൾ എന്നിവർ കൂടിയാലോചിച്ച് ചന്തകൾ സജീവമാക്കും.