പത്തനംതിട്ട : ഓണക്കാല പാൽ വിപണിയിൽ മായം കലർന്ന പാലിന്റെ വിപണനം ഉണ്ടാകാതിരിക്കുന്നതിന് ശക്തമായ നടപടികളുമായി ക്ഷീരവികസന വകുപ്പ്. ഓണക്കാലത്ത് പാലിന്റെ ഉപഭോഗം കൂടുതലായതിനാൽ ഓണ വിപണി ലക്ഷ്യമിട്ട് ഇതര സംസ്ഥാനത്തുനിന്നും എത്തുന്ന പാലിന്റെയും പാൽ ഉൽപന്നങ്ങളടേയും അളവും കൂടുതലായിരിക്കും. ഇത് വ്യാജ ഉൽപന്നങ്ങളുടെ വിപണനത്തിന് ഇടയാക്കുമെന്നുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് വകുപ്പിന്റെ മുൻകരുതൽ.

സെപ്തംബർ 3 വരെ ഇൻഫർമേഷൻ സെന്ററുകൾ പ്രവർത്തിക്കും.

ജില്ലയിലെ ഇൻഫർമേഷൻ സെന്റർ അടൂർ അമ്മകണ്ടകര ഗുണനിയന്ത്രണ ഓഫീസിൽ പ്രവർത്തനം ആരംഭിച്ചു. ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ പി.അനിത ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ഗുണനിയന്ത്രണ ഓഫീസർ ഒ.ബി മഞ്ജു, ക്ഷീര സംരംഭകത്വ പരിശീലനകേന്ദ്രം പ്രിൻസിപ്പൽ പി.ഇ ഡോളസ് എന്നിവർ പങ്കെടുത്തു.
പൊതുജനങ്ങൾക്കും കച്ചവടക്കാർക്കും വിപണിയിൽ ലഭ്യമായ പാൽ പരിശോധനയ്ക്കായി ഇൻഫർമേഷൻ സെന്ററിൽ എത്തിക്കാം. സൗജന്യമായി ശാസ്ത്രീയ മാർഗങ്ങളിലൂടെ സാമ്പിളുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താം. സാമ്പിളുകൾ എത്തിയ്ക്കുമ്പോൾ പായ്ക്കറ്റുകൾ പൊട്ടിക്കാതെയും അല്ലാത്തവ 200 മില്ലി ലിറ്ററിൽ കുറയാതെയുമാണ് എത്തിക്കേണ്ടത്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയുള്ള സമയങ്ങളിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ സെന്റർ സെപ്തംബർ 3 ന് ഉച്ചയ്ക്ക് 12 വരെയും പ്രവർത്തിക്കും.