തിരുവല്ല : നാഷണൽ ആയുഷ് മിഷനും കേരള ആയുഷ് വകുപ്പും ചേർന്ന് നൽകുന്ന കായകൽപ്പ പുരസ്കാരം കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാറും ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.പാർവതിയും വികസന സ്റ്റാൻഡിംഗ് ചെയർമാൻ വിനോദ് കെ.ആറും ചേർന്ന് മന്ത്രി വീണാ ജോർജിൽ നിന്ന് ഏറ്റുവാങ്ങി. ശുചിത്വം, അണുനശീകരണം, മാലിന്യ സംസ്കരണം, ഭൗതിക സാഹചര്യം എന്നീ പ്രവർത്തനങ്ങൾക്ക് മികവ് പുലർത്തിയ കവിയൂരിലെ ആയുർവേദ ഡിസ്പെൻസറിയെയാണ് കായകൽപ്പ അവാർഡിന് തിരഞ്ഞെടുത്തത്. മൂന്നു പ്രാവശ്യം അവാർഡിനായി പരിശോധന നടത്തി. കവിയൂർ ഗ്രാമപഞ്ചായത്തിലെ ആയുർവേദ ഡിസ്പെൻസറി എൻ.എ.ബി.എച്ച് സർട്ടിഫിക്കറ്റ് ലഭിച്ച ദേശീയ നിലവാരം പുലർത്തുന്ന ഡിസ്പെൻസറിയും ജില്ലയിൽ ആദ്യമായി ഐ.എസ്.ഒ അംഗീകാരം ലഭിച്ച സ്ഥാപനവുമാണ്. പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനം, യോഗ ക്ലാസുകൾ എന്നിവയും നടന്നുവരുന്നു.