cgnr-555
ചെങ്ങന്നൂർ നഗരത്തിലെ ഗതാ ഗതക്കുരുക്ക്

ചെങ്ങന്നൂർ : നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി മോട്ടോർ വാഹനവകുപ്പും പൊലീസും ചേർന്ന് നടത്തിയ പരിഷ്കരണം പാളി. ഇതോടെ ചെങ്ങന്നൂർ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഓണം അടുത്തതോടെ വീർപ്പുമുട്ടുകയാണ് ജനങ്ങൾ. ഗതാഗത പരിഷ്കരണത്തിലെ പ്രധാന നിർദേശം ദീർഘദൂര ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കായുള്ള ബൈപ്പാസ് റോഡ് ആയിരുന്നു. എന്നാൽ, കൃത്യമായ ദിശാസൂചന ബോർഡുകൾ സ്ഥാപിക്കാത്തതിനാലും ഗതാഗത നിയന്ത്രണത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കാത്തതിനാലും കുരുക്ക് രൂക്ഷമാണ്. ഇതോടെ എല്ലാ വാഹനങ്ങളും ചെങ്ങന്നൂർ നഗരത്തിലൂടെയാണ് കടന്നു പോകുന്നത്. തിരുവല്ല ഭാഗത്തു നിന്ന് മുളക്കുഴ, പന്തളം, കൊട്ടാരക്കര, തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന കാർ, മിനിബസ്, മറ്റു ചെറുവാഹനങ്ങൾ കല്ലിശേരി - മംഗലം- മുളക്കുഴ സെഞ്ചുറി ജംഗ്ഷനിൽ എം.സി റോഡിൽ എത്തിയും ഭാരമുള്ള വാഹനങ്ങൾ എം.സി റോഡ് വഴിയും കടന്നു പോകണമെന്നായിരുന്നു നിർദേശം. ദിശാസൂചന ബോർഡുകൾ സ്ഥാപിച്ച് അറിയിപ്പ് നൽകുമെന്ന് മോട്ടോർ വാഹനവകുപ്പും പൊലീസും അറിയിച്ചിരുന്നു. എന്നാൽ, ബൈപ്പാസിലേക്ക് തിരിഞ്ഞതിനു ശേഷം കാണുന്ന രീതിയിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. എം.സി റോഡുവഴി വരുന്ന യാത്രക്കാർക്ക് ഈ ബോർഡ് കാണാൻ സാധിക്കില്ല. കല്ലിശേരി ജംഗ്ഷന് തൊട്ടുമുൻപ് സ്ഥാപിച്ചാൽ മാത്രമെ ദിശാസൂചന ബോർഡുകൾ യാത്രക്കാരുടെ ശ്രദ്ധയിൽപെടുകയുള്ളൂ. അതിനാൽ വാഹനങ്ങൾ ചെങ്ങന്നൂർ നഗരത്തിലേക്ക് കടക്കുന്നു. വീതികുറഞ്ഞ റോഡും നിരവധി വളവുകളുമുള്ളതിനാൽ റോഡ് പരിചയമുള്ള യാത്രക്കാർ പോലും ബൈപ്പാസ് ഉപയോഗിക്കുന്നില്ല.ബൈപ്പാസ് സംവിധാനം ആരംഭിച്ച മേയ് 7ന് തന്നെ ഇതു സംബന്ധിച്ച പരാതികൾ ഉയർന്നിരുന്നു. കൂടുതൽ ബോർഡുകൾ ഉടൻ സ്ഥാപിക്കുമെന്നായിരുന്നു മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല.

.............................................................

ദിശാസൂചന ബോർഡുകൾ സ്ഥാപിക്കുകയും ഗതാഗത നിയന്ത്രണത്തിന് ഉദ്യോഗസ്ഥരെ നിയോഗിച്ചാൽ

ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പറ്റും

കെ.ഷിബുരാജൻ

(മുൻസിപ്പൽ വൈസ് ചെയർമാൻ)