പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗകോടതി. പത്തനംതിട്ട കുലശേഖരപതി ബിയാത്തമ്മ പുരയിടം വീട്ടിൽ നിന്നും പത്തനംതിട്ട കാദർവക ചാഞ്ഞ പ്ലാക്കൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സമദ് (24)നെയാണ് ജഡ്ജി ടി. മഞ്ജിത്ത് 20 വർഷവും ആറുമാസവും കഠിനതടവിനും 105000 രൂപ പിഴയും വിധിച്ചത്. പിഴ അടയ്ക്കാതിരുന്നാൽ ആറുമാസവും അഞ്ചു ദിവസവും അധിക തടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്. പത്തനംതിട്ട പൊലീസ് 2024 സെപ്റ്റംബർ ഒന്നിന് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ റോഷൻ തോമസ് ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ ലെയ്സൺ ഓഫീസർ എ .എസ് .ഐ പി. ഹസീന ഏകോപിപ്പിച്ചു. പിഴത്തുക അടയ്ക്കുന്ന പക്ഷം കുട്ടിക്ക് നൽകണം. കൂടാതെ, കുട്ടിയുടെ പുനരധിവാസത്തിനും മറ്റും ആവശ്യമെങ്കിൽ തുക ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിക്ക് നിർദേശം നൽകുകയും ചെയ്തു.