minister-

റാന്നി : ആരോഗ്യമേഖലയിൽ കാര്യമായ വികസനം സാദ്ധ്യമായതായി ആരോഗ്യമന്ത്രി വീണാജോർജ് അഭി​പ്രായപ്പെട്ടു. നെല്ലിക്കമൺ റാന്നി അങ്ങാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റാന്നിയുടെ സ്വപ്നമായ താലൂക്ക് ആശുപത്രിയുടെ നിർമ്മാണം കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആരംഭിച്ചതായും 95 ലക്ഷം രൂപ വിനിയോഗിച്ച് താലൂക്ക് ആശുപത്രിയുടെ ഒ.പി ബ്ളോക്ക് പുനർനിർമ്മിച്ചതായും മന്ത്രി അറിയിച്ചു. ശബരിമലയുടെ പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ 6.90 കോടി രൂപയുടെ അത്യാധുനിക ആശുപത്രിയുടെ നിർമ്മാണം ഉടൻ ആരംഭിക്കും. സംസ്ഥാന സർക്കാർ സൗജന്യ ചികിത്സയ്ക്കായി 1100 കോടി രൂപ ചെലവഴിക്കുന്നുണ്ട്. കാൻസർ, കാർഡിയോളജി, മജ്ജ മാറ്റിവയ്ക്കൽ, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ എന്നിവ സർക്കാർ ആശുപത്രികളിൽ സാദ്ധ്യമാക്കിയതായും മന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രികളെ ശാക്തീകരിച്ചതിലൂടെ ഗ്രാമീണമേഖലയിലെ ചികിത്സാചെലവ് കുറഞ്ഞതായും മന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യകേരളം പദ്ധതിയിലും ആർദ്രംമിഷൻ ഫണ്ടിലുമായി 2.19കോടി രൂപ മുടക്കിയാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. 6250 ചതുരശ്ര അടി വിസ്തൃതിയിലുള്ള ഈ കെട്ടിടത്തിൽ ഒ.പി, ലാബ്, ഫാർമസി, ഭിന്നശേഷി സൗഹൃദ ശുചിമുറി തുടങ്ങിയ സൗകര്യങ്ങളുണ്ട്.

പ്രമോദ് നാരായൺ​ എം.എൽ.എ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതാകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു.റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എസ്.സുജ, അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുറെജി, വൈസ് പ്രസിഡന്റ് ബിച്ചു ഐക്കാട്ടുമണ്ണിൽ, ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ജേക്കബ് സ്റ്റീഫൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ്.ശ്രീകുമാർ, ആർദ്രം നോഡൽ ഓഫീസർ ഡോ.അംജിത്ത് രാജീവൻ, മെഡിക്കൽ ഓഫീസർ ഡോ.എ.ബി അഭിരാമി, ത്രിതല പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർപങ്കെടുത്തു.ആശുപത്രി കെട്ടിടത്തിനായി സ്ഥലം വിട്ടുകൊടുത്ത ചാലുമാട്ട് കുടുംബാംഗങ്ങളായ സി.എം.വർഗീസ്, ഭാര്യ എൽസി വർഗീസ്, സഹോദരൻ ജേക്കബ് സി മാത്യു എന്നിവരെയും മുൻ എം.എൽ.എ രാജു എബ്രഹാം, സോണി മാത്യു, ഷിബു പി.തോമസ്, രാധാമണിയമ്മ, ഷിബു സാമുവൽ എന്നിവരെയും ആദരിച്ചു.