തിരുവല്ല : ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷം എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ സെപ്തംബർ ഏഴുവരെ നടക്കും. ഇന്ന് രാവിലെ 10ന് തിരുവല്ല എസ്.എൻ.വി.എസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ ഗുരുവിചാര ജ്ഞാനയജ്‌ഞം സമാപന സമ്മേളനത്തിന് യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ ഭദ്രദീപ പ്രകാശനം നടത്തും. കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ.ജഗതിരാജ്.വി.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി അദ്ധ്യക്ഷത വഹിക്കും. സ്വാമി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതിയംഗം ബിബിൻ ഷാൻ.കെ.എസ് മുഖ്യപ്രഭാഷണം നടത്തും. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ സംഘടനാസന്ദേശം നൽകും. യൂണിയൻ യൂത്ത്മൂവ്മെന്റ് കൺവീനർ അനീഷ് ആനന്ദ് സ്വാഗതവും സൈബർസേന കേന്ദ്രകമ്മിറ്റിയംഗം ശരത് ശശി നന്ദിയും പറയും.
ഇന്ന് ഉച്ചയ്ക്ക് 2.30ന് ജയന്തി വിളംബരസമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രനടിയും നർത്തകിയുമായ ശാലു മേനോൻ ഭദ്രദീപപ്രകാശനം നടത്തും. എസ്.എൻ.ഡി.പി യോഗം വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറിയും കേന്ദ്ര സ്‌പൈസസ് ബോർഡ് ചെയർപേഴ്‌സണുമായ സംഗീതാ വിശ്വനാഥൻ മെഗാതിരുവാതിര ഉദ്ഘാടനം ചെയ്യും. യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ അദ്ധ്യക്ഷതവഹിക്കും. സെക്രട്ടറി മണിയമ്മ സോമശേഖരൻ, വൈസ് പ്രസിഡന്റ് പ്രീതി ബെനി, സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ സന്തോഷ് ഐക്കരപറമ്പിൽ, കൺവീനർ അഡ്വ.അനീഷ്.വി.എസ്, വൈദികയോഗം യൂണിയൻ കൺവീനർ സുജിത്ത് ശാന്തി, എംപ്ലോയീസ് ഫോറം ചെയർമാൻ ഷാൻ രമേശ് ഗോപൻ എന്നിവർ പ്രസംഗിക്കും.
സെപ്തംബർ രണ്ടിന് മല്ലപ്പള്ളി ശാഖയിൽ നിന്നാരംഭിക്കുന്ന ബൈക്ക് റാലി തോട്ടഭാഗം ജംഗ്‌ഷനിൽ സമാപിക്കും.7ന് ഉച്ചയ്ക്കുശേഷം രണ്ടിന് ഗുരുദേവ ജയന്തി ഘോഷയാത്രയുടെ ഉദ്ഘാടനം മുൻസിപ്പൽ ഓപ്പൺ സ്റ്റേജിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷ അനു ജോർജ് മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 4.30ന് തിരുമൂലപുരം എസ്.എൻ.വി.എസ് സ്‌കൂളിൽ നടക്കുന്ന സമാപനസമ്മേളനം മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത മുഖ്യാതിഥിയാകും. ആന്റോ ആന്റണി എം.പി, മാത്യു ടി.തോമസ് എം.എൽ.എ എന്നിവർ ജയന്തിസന്ദേശം നൽകും.