കൊല്ലം: 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ...' എന്ന കവി ഇഞ്ചക്കാട് ബാലചന്ദ്രന്റെ ആശങ്കയ്ക്ക് 33 വയസ്. സുഹൃത്തുക്കളുമൊത്ത് പണ്ടൊരിക്കൽ കായലിലൂടെ നടത്തിയ പരിസ്ഥിതി യാത്രയ്ക്കിടെ കുത്തിക്കുറിച്ച വരികൾ രണ്ട് പതിറ്റാണ്ട് പിന്നിട്ടപ്പോൾ അപ്രതീക്ഷിതമായി സൂപ്പർ ഹിറ്റായെന്നത് ചരിത്രം.
വർഷം 1992. കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്നു പി.കെ.ബാലചന്ദ്രൻ എന്ന ഇഞ്ചക്കാട് ബാലചന്ദ്രൻ. തൊട്ടടുത്ത മുറിയിലെ പട്ടികജാതി വികസന വകുപ്പിലെ ക്ളാർക്കായിരുന്നു പി.ആർ.കർമ്മചന്ദ്രൻ. അന്നത്തെ പത്രപ്രവർത്തകനാണ് ഇടക്കുളങ്ങര ഗോപൻ.
ഒരു ദിവസം ഉച്ചഭക്ഷണം കഴിക്കവേയുള്ള ചർച്ചയ്ക്കിടയിലാണ് വള്ളത്തിൽ പരിസ്ഥിതി യാത്ര നടത്തണമെന്ന ആശയം ചോറിനും മീൻകറിക്കുമൊപ്പം കുഴഞ്ഞുമറിഞ്ഞിത്. മൂന്നുപേരും യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ. 1992ലെ കായംകുളം കായലിലെ യാത്രയിലാണ് കവിയുടെ ആശങ്ക കവിതയായത്. പരിസ്ഥിതി കവിത കൊണ്ടുവരാമെന്നേറ്റ കവി അക്കാര്യം മറന്നു. ഗായകസംഘം കെ.പി.എ.സി നാടക ഗാനങ്ങൾ പാടി. അതിനിടയിലാണ് പി.കെ.ബാലചന്ദ്രൻ വള്ളത്തിൽ ഇരുന്നെഴുതിയ പരിസ്ഥിതി കവിത ചൊല്ലിയത്. എല്ലാവർക്കും ഇഷ്ടപ്പെട്ടു. അതേ ഈണത്തിൽ ആ കവിത ഇന്ന് ലോകത്ത് എഴുപതിലേറെ ഭാഷകളിൽ ഹിറ്റായി തുടരുന്നു.
കവിത സൂപ്പർഹിറ്റ്
കായൽ യാത്രയിൽ 12 വരി മാത്രമുണ്ടായിരുന്ന കവിത എവിടെയോ നഷ്ടപ്പെട്ടു. ഓർമ്മയിലുണ്ടായിരുന്ന നാലുവരി ചരൽക്കുന്നിൽ തിരുവല്ല ഡൈനാമിക് ആക്ഷന്റെ പാട്ടുനിർമ്മാണ ക്യാമ്പിൽ സംഗീത സംവിധായകൻ പാങ്ങോട് രാധാകൃഷ്ണനെ ചൊല്ലി കേൾപ്പിച്ചു. അവിടെവച്ച് 18 വരി കൂടി എഴുതി പൂർത്തിയാക്കി. സെക്രട്ടേറിയറ്റിന് മുന്നിലെ ആദിവാസി നിൽപ്പ് സമരത്തിന്റെ അനുബന്ധ പരിപാടി 2014ൽ എറണാകുളം വൈപ്പിനിൽ നടന്നപ്പോൾ ഗായിക രശ്മി സതീഷ് ഈ കവിത പാടി. അതോടെ ലോക ഹിറ്റായി. ശാസ്താംകോട്ട ശൂരനാട് ഇഞ്ചക്കാട് വളഞ്ഞാംപുറത്ത് പാച്ചൻ- കുഞ്ഞമ്മ ദമ്പതികളുടെ മകനായ ഇഞ്ചക്കാട് ബാലചന്ദ്രൻ ഇപ്പോൾ മൂന്നാമത് സിനിമ എഴുതി സംവിധാനം ചെയ്യാനുള്ള തിരക്കിലാണ്.
അശ്വാരൂഢൻ സിനിമയ്ക്കുവേണ്ടി 'അഴകാലില മഞ്ഞച്ചരടിലെ പൂത്താലി' എന്ന ഗാനമെഴുതിയപ്പോൾ സംവിധായകൻ ജയരാജിന്റെ നിർദ്ദേശത്തിലാണ് ഇഞ്ചക്കാട് ബാലചന്ദ്രൻ എന്ന പേര് സ്വീകരിച്ചത്.
പി.കെ.ബാലചന്ദ്രൻ