കൊല്ലം: സമഗ്ര നെൽകൃഷി വികസന പദ്ധതി പ്രകാരമുള്ള ഫണ്ട് പ്രയോജനപ്പെടുത്തി കൃഷിഭവന്റെ സഹകരണത്തോടെ പൊന്നുവിളയിച്ച് ജില്ലയുടെ നെല്ലറയാവുകയാണ് കുളക്കട ഗ്രാമപഞ്ചായത്ത്. 2020- 25 കാലയളവിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നെൽകൃഷി പ്രോത്സാഹനഫണ്ടിൽ നിന്ന് 20 ഹെക്ടറിലെ കൃഷിക്കായി അഞ്ച് ലക്ഷം രൂപ കർഷകർക്ക് നൽകി.
കിലോയ്ക്ക് 28.32 രൂപ നൽകി സപ്ളൈകോ നെല്ല് സംഭരിച്ചു. എല്ലാ വർഷവും മേയ്- ജൂൺ മാസങ്ങളിൽ ഒന്നാം വിളയായി അഞ്ചേക്കർ പാടത്തും രണ്ടാം വിളയായി സെപ്തംബർ- ഒക്ടോബർ മാസങ്ങളിൽ 20 ഏക്കറിലും കൃഷി ചെയ്യുന്നുണ്ട്. ഉമ നെല്ലാണ് പാടങ്ങളിൽ വിളയിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് അഞ്ചുലക്ഷം രൂപ പദ്ധതിക്കായി വിനിയോഗിക്കുന്നുണ്ട്. ഈ വർഷം (2025- 2026) മൂന്ന് ഏക്കറിലേക്ക് കൂടി കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം.
പൊതുവിൽ ഉത്പാദനക്ഷാമം നേരിടുന്ന നെല്ലിനമായ ഞവര പ്രത്യേക ഇനത്തിൽ ഉൾപ്പെടുത്തി മൂന്ന് വർഷമായി വിളയിക്കുന്നു. ഔഷധമൂല്യം നിലനിറുത്താനായി തവിട് കളയാത്ത അരിയാണ് വിപണയിലെത്തിക്കുന്നത്. നെല്ല് സപ്ലൈകോയ്ക്ക് കൈമാറുന്നതിന് പുറമേ പ്രദേശികമായും വിറ്റഴിക്കാറുണ്ട്.
ജ്യോതി, ഉമ ഇനങ്ങൾ
പാടശേഖരസമിതി, കൃഷിക്കൂട്ടങ്ങൾ മുഖേന കൃഷി
ഹെക്ടറിന് സബ്‌സിഡി 5,500 രൂപ
വർഷം 80-100 ടൺ വരെ നെല്ല് ഉത്പാദനം
ഞവര അരി
കൃഷി ചെയ്യുന്നത് തളിര്‍ കൃഷിക്കൂട്ടം
ഹെക്ടറിന് 10,000 രൂപ സബ്‌സിഡി
പ്രാദേശിക വില
കിലോയ്ക്ക് ₹ 180
വിപണി വില
കിലോയ്ക്ക് ₹ 200-480
കൃഷി ചെയ്യുന്ന മറ്റ് വിത്തിനങ്ങൾ
നസർ ബാത്ത് ജീരകശാല ഗന്ധകശാല കറുത്ത ഞവര കണിചെമ്പാവ്
നെൽ കൃഷിയുടെ പ്രാധാന്യം തലമുറകളിലേക്കെത്തിക്കാനും ആഭ്യന്തര ഉത്പാദന വർദ്ധനവ് ലക്ഷ്യമാക്കിയുമാണ് പദ്ധതി നടപ്പാക്കുന്നത്.
സജി കടുക്കാല, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
നെൽകൃഷി ചെയ്യാൻ കർഷകരെ പ്രോത്സാഹിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ഹെക്ടറിന് 4 ടൺ വരെയാണ് ഇവിടത്തെ ഉത്പാദനശേഷി.
സതീഷ് കുമാർ, കൃഷി ഓഫീസർ, കുളക്കട