കൊല്ലം: ടാർ ചെയ്യണമെന്ന് പ്രദേശവാസികളും ഇന്റർലോക്ക് ടൈൽ ഇടാമെന്ന് വാർഡ് കൗൺസിലറും വാശിപിടിച്ചു നിൽക്കുന്നതിനാൽ, ടെൻഡർ ആയി​ട്ടും കന്റോൺമെന്റ് ഡിവിഷനിലെ പീപ്പിൾസ് നഗർ ഫയർസ്റ്റേഷൻ റോഡിന്റെ ദുരവസ്ഥ പരിഹാരമില്ലാതെ തുടരുന്നു. ഒരു വർഷത്തിലേറെയായി തകർന്നു കിടക്കുന്ന റോഡിൽ താത്കാലിക കുഴിയടയ്ക്കൽ പോലും നടന്നിട്ടില്ല.

കാൽനടയാത്രയും വാഹനയാത്രയും അസാദ്ധ്യമായ അവസ്ഥയാണ്. കുട്ടികളടക്കം ഒട്ടേറെപ്പേർ കടപ്പാക്കട ഉൾപ്പെടെയുള്ള ഭാഗങ്ങളിലേക്ക് എത്താൻ ആശ്രയിക്കുന്ന ഏക റോഡാണിത്. ഒരു കിലോമീറ്ററിലധികം നീളമുള്ള റോഡിന്റെ നല്ലൊരു ഭാഗവും പൊട്ടിപ്പൊളിഞ്ഞ നിലയിലായി.

മഴ കനത്തതോടെ ദുരിതം ഇരട്ടിച്ചു. കുഴികളിലും ചാലുകളിലും വെള്ളം കെട്ടിനിൽക്കുന്നു. ഓട്ടോറിക്ഷക്കാർ ഈ റോഡി​ലേക്ക് തി​രി​ഞ്ഞു നോക്കാൻ പോലും മടി​ക്കുന്നു. റോഡിന്റെ ശോചനീയാവസ്ഥ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പലതവണ അറിയിച്ചെങ്കിലും ഫലമുണ്ടായി​ല്ല എന്നാണ് നാട്ടുകാരുടെ പരാതി.

റോഡ് ടാർ ചെയ്യാനുള്ള ടെൻഡർ പൂർത്തിയായി. ഇതുമായി​ ബന്ധപ്പെട്ടാണ് നി​ലവി​ലെ തർക്കം തുടരുന്നത്. ഇന്റർലോക്ക് ടൈൽ ചെയ്യണമെന്നാണ് ഡി​വി​ഷൻ കൗൺ​സി​ലറുടെ നി​ലപാട്. ഡിവിഷനിലെ മറ്റെല്ലാ റോഡുകളും നന്നാക്കിയിട്ടും അപകടാവസ്ഥയിലുള്ള ഈ റോഡിനെ പൂർണമായും അവഗണിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കിൽ സമരം ആരംഭി​ക്കുമെന്നും നാട്ടുകാർ പറയുന്നു.

എം.എൽ.എ ഫണ്ടിൽ നിന്ന് 95 ലക്ഷം രൂപ റോഡ് ടാർ ചെയ്യാനായി​ ടെൻഡർ ആയിട്ടുണ്ട്. വേഗത്തിൽ തുടർ നടപടികൾ സ്വീകരിക്കും

സജീവ് സോമൻ, മരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ

...............................................

വേഗത്തിൽ നടപടികൾ സ്വീകരിക്കും, പരിഹാരം കാണും എന്നെല്ലാം പറയുന്നതല്ലാതെ വർഷങ്ങൾ കഴിഞ്ഞിട്ടും ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമാകുന്നില്ല

പ്രദേശവാസി