bbb

കൊല്ലം: വാഹനാപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ മകന് താങ്ങാവാൻ വൃദ്ധദമ്പതികൾ ജീവിതം മാറ്റിവച്ചതോടെ, പടികടന്നെത്തിയ പട്ടിണിയെ നേരിടാനാവാതെ മൂവരും വലയുന്നു. ഇരവിപുരം വാളത്തുംഗൽ ആനത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ശിവാനന്ദനും (63) ഉഷാകുമാരിയും (57) മകൻ ശിവപ്രസാദും (36) ആണ് എട്ട് വർഷത്തോളമായി സ്വന്തമായൊരു വീടില്ലാതെ, ചികിത്സാ ചെലവിന് പണമില്ലാതെ നരകിക്കുന്നത്.
കുടുംബത്തിന്റെ അത്താണിയായിരുന്നു ശിവപ്രസാദ്. കോട്ടയത്ത് താമസിച്ച് വെൽഡിംഗ് ജോലി ചെയ്യുന്നതിനിടെ, 2016 നവംബറിലാണ് അപകടം. ശബരിമല ദർശനത്തിന് മാലയിടാൻ ബൈക്കിൽ പോകവേ, റോഡിൽ ചിതറിക്കിടന്ന മെറ്റിലിൽ കയറി ബൈക്ക് മറിഞ്ഞു. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ, അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചു.
തലയ്ക്ക് ഉൾപ്പടെ ഗുരുതര പരിക്ക്. ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ. തുടർന്ന് കോട്ടയം മെഡി. ആശുപത്രിയിൽ ഒന്നര വർഷത്തോളം കിടന്നു. ചികിത്സാ ചെലവിന് കാവനാട്ടെ വീടും പുരയിടവും വിറ്റു. അപകടത്തെ തുടർന്ന് ഓർമ്മ ശക്തിയും കുറഞ്ഞു. നാല് വർഷത്തോളം ശരീരം ചലിപ്പിക്കാനാതെ ഒരേ കിടപ്പ്. കൊല്ലം ആയുർവേദ ആശുപത്രിയിലെ ചികിത്സയിൽ പരസഹായത്തോടെ പിച്ചവച്ച് നടക്കാൻ തുടങ്ങി. മകനെ പരിചരിക്കാൻ രണ്ടുപേർ വേണമെന്ന് വന്നതോടെ അച്ഛനമ്മമാർക്ക് ജോലിക്ക് പോകാൻ കഴിയാതെയായി. പെൻഷൻ തുകയും ഇരവിപുരം പള്ളിയിൽ നിന്ന് കിട്ടുന്ന സഹായവുമാണ് ഏക ആശ്രയം. വാടകയും കുടിശ്ശികയായി. മരുന്നും മുടങ്ങി.

ദുരവസ്ഥയിൽ വീട്
3,500 രൂപയായിരുന്നു ആദ്യവീടിന്റെ വാടക. താങ്ങാൻ കഴിയാതെ വന്നതോടെ 1500 രൂപയ്ക്ക് ഇപ്പോൾ താമസിക്കുന്ന വീട്ടിലേക്ക് മാറി. ഏഴുവർഷമായി ഇവിടെയാണ് താമസം. തകരഷീറ്റും പ്ലൈവുഡുമാണ് വീടിന്. ഷീറ്റ് ദ്രവിച്ച് തുളവീണു. കട്ടിള ചിതലരിച്ചു. ഭിത്തികൾ സാരികൊണ്ട് മറച്ച നിലയിലാണ്. തറനിരപ്പിൽ നിന്ന് പൊക്കം കുറവായതിനാൽ വീട്ടിലേക്ക് മഴവെള്ളം കയറും. അടുക്കള ഉൾപ്പടെ തകർന്നു.

കോർപ്പറേഷന്റെ ലൈഫ് ഭൂ-ഭവനരഹിത പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ ഉണ്ടായിരുന്നു. ഇപ്പോൾ താമസിക്കുന്ന വസ്തു നൽകാൻ ഉടമയും തയ്യാറായി. സ്ഥലം നോക്കാനെത്തിയ ഓഫീസർമാർ ഇവിടെ വീട് വയ്ക്കാൻ പറ്റില്ലെന്ന് പറഞ്ഞു.

ഉഷാകുമാരി