sd
തൃക്കോവിൽവട്ടം ഹെൽത്ത് സെന്റർ റോഡ്

കൊല്ലം: തൃക്കോവിൽവട്ടം ഹെൽത്ത് സെന്ററിലേക്കെത്താൻ ജനം ആശ്രയിക്കുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് വർഷം നാലു കഴിഞ്ഞെങ്കിലും തിരിഞ്ഞു നോക്കാൻ ആളില്ല. പാലമുക്കിൽ നിന്ന് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക്, പഞ്ചായത്തിന്റെ അധീനതയിലുള്ള 350 മീറ്റർ റോഡാണ് തകർന്നത്.

ആറാം വാർഡായ ചേരിക്കോണത്താണ് കുടുംബാരോഗ്യകേന്ദ്രം സ്ഥിതി ചെയ്യുന്നത്. നാട്ടുകാരുടെ നിരന്തര സമ്മർദ്ദത്തിന്റെ ഫലമായി റോഡ് നവീകരണത്തിന് ഫണ്ട് അനുവദിക്കാൻ ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും തയ്യാറായെങ്കിലും ഒരു ഭാഗത്ത് അഞ്ച് മീറ്റ‌ർ വീതി ഇല്ലാത്തതിനാൽ ടാറിംഗ് നടത്താൻ കഴിയില്ലെന്ന കാരണം പറഞ്ഞ് പഞ്ചായത്ത് പിൻമാറുകയായിരുന്നു. പഞ്ചായത്ത് ഫണ്ടിൽ തുക ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അധിക‌ൃതർ പിന്നീട് പറഞ്ഞെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല.

റോഡിന്റെ പലഭാഗത്തും ടാർ ഇളകി മെറ്റിലും മണ്ണും നിരന്ന് കിടക്കുകയാണ്. മെറ്റൽ ഇളകി മാറിയിടുത്തെല്ലാം വലിയ കുഴികളും രൂപപ്പെട്ടു. ഇളകിമാറിയ കല്ലിൽ തട്ടിയുള്ള അപകടങ്ങളും നിത്യസംഭവമാണ്. റോഡിന് ഇരുവശവും താമസിക്കുന്ന 70 ഓളം കുടുംബങ്ങൾ യാത്രാ ക്ലേശത്തോടൊപ്പം പൊടിയും ചെളിയും സഹിക്കേണ്ട ഗതികേടിലാണ്. മറ്റു മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ ഈ റോഡിനെത്തന്നെ ആശ്രയിക്കേണ്ട അവസ്ഥയുമുണ്ട്.

ഉമയനല്ലൂർ, മുഖത്തല, ഡീസന്റ് മുക്ക്, തട്ടാർകോണം എന്നിവിടങ്ങളിൽ നിന്ന് ദിവസേന ഗർഭിണികളടക്കം നിരവധി പേരാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്നത്. ആരോഗ്യ കേന്ദ്രത്തിനടുത്ത് അങ്കണവാടിയും പ്രവർത്തിക്കുന്നുണ്ട്.

പഞ്ചായത്ത് ഫണ്ടിൽ നിന്ന് 13 ലക്ഷം രൂപ റോഡിന്റെ നവീകരണത്തിനായി അനുവദിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ ഇതുവരെയും പൂർത്തിയായിട്ടില്ല

എസ്. സുനിത, ചേരിക്കോണം പഞ്ചായത്തംഗം