sabrina

പടി. കല്ലട: വിനോദസഞ്ചാരിയായി കേരളത്തിലെത്തിയ ഫ്രഞ്ച് വനിത തിരികെ മടങ്ങിയത് ഒരു കൈത്തൊഴിലുമായി. ഫ്രാൻസിൽ നിന്ന് ഭർത്താവ് സെബാസ്റ്റ്യനൊപ്പം എത്തിയതായിരുന്നു 43കാരിയായ സെബ്രീന. പടി. കല്ലടയിൽ വച്ച് അപ്രതീക്ഷിതമായാണ് കയറുപിരിക്കൽ പഠിച്ചത്.

മൺറോത്തുരുത്തിലെ ഒരു ഹോംസ്റ്റേയിലായിരുന്നു ഇവരുടെ താമസം. നാട് കാണാനിറങ്ങിയതിനിടെയാണ് കഴിഞ്ഞ ദിവസം പടി. കല്ലടയിലെ വി.കെ.എസ് ജംഗ്ഷനിലുള്ള കയർ സഹകരണ സംഘത്തിലെത്തിയത്. തൊഴിലാളികൾ കയർ പിരിക്കുന്നത് കണ്ടപ്പോൾ സെബ്രീനയ്ക്ക് അത്ഭുതം. അവർക്കിടയിലൂടെ നടന്നപ്പോൾ ചെറിയൊരാഗ്രഹം, കയർപിരിക്കൽ പഠിക്കണമെന്ന്. ദ്വിഭാഷിയുടെ സഹായത്തോടെ തൊഴിലാളികളോട് കാര്യം പറഞ്ഞപ്പോൾ അവർക്ക് ഇരട്ടി സന്തോഷം.

തൊഴിലാളിയായ വാവാച്ചി സെബ്രീനയെ കയർ പിരിക്കാൻ പരിശീലിപ്പിച്ചു. ഏറെ സമയം ചെലവഴിച്ച അവർ ഒരു കൈത്തൊഴിൽ പഠിച്ച സന്തോഷത്തിലാണ് അവിടെ നിന്ന് മടങ്ങിയത്. ഗുരുദക്ഷിണയായി 1000 രൂപയും നൽകി സെബ്രീന തൊഴിലാളികളോട് ടാറ്റാ പറഞ്ഞു.

പത്ത് കിലോ ചകിരിയുമായി മടക്കം

ഹോംസ്റ്റേയിൽ തിരിച്ചെത്തിയ സെബ്രീന, ഉടമയായ ശ്രീകാന്തുമായി തന്റെ പുതിയ അനുഭവം പങ്കുവച്ചു. സെബ്രീനയുടെ താത്പര്യം മനസിലാക്കിയ ശ്രീകാന്ത് 10 കിലോ ചകിരി വാങ്ങി പായ്ക്ക് ചെയ്ത് നൽകി. കല്ലടയും മൺറോത്തുരുത്തും ഏറെ ഇഷ്ടപ്പെട്ട സെബ്രീനയും സെബാസ്റ്റ്യനും അടുത്ത വർഷവും എത്തുമെന്ന് ഉറപ്പുനൽകിയാണ് മടങ്ങിയത്.

സ്വന്തമായി പച്ചക്കറിത്തോട്ടമുള്ള എനിക്ക് ചകിരിയും കയറും ഏറെ പ്രയോജനപ്പെടും. പ്ലാസ്റ്റിക്കിനെ അപേക്ഷിച്ച് പാരിസ്ഥിതിക ദോഷങ്ങളില്ലാത്ത കയറിന് ഭാവിയിൽ വലിയ വിപണന സാദ്ധ്യതയുണ്ട്.

സെബ്രീന, ഫ്രഞ്ച് വനിത