കൊല്ലം: ടൗൺ യു.പി സ്കൂൾ കവാടത്തിലും അകത്തുമായുള്ള വൻ മരങ്ങളിൽ തമ്പടിച്ചിരിക്കുന്ന നൂറുകണക്കിന് വവ്വാലുകൾ കുട്ടികൾക്കും അദ്ധ്യാപകർ അടക്കമുള്ള ജീവനക്കാർക്കും ഭീഷണിയാവുന്നു. ഇവയെ തുരത്താൻ നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കൾ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും അധികൃതർ അനങ്ങുന്നില്ല.
ജില്ലാ ഭരണ കേന്ദ്രത്തോട് ചേർന്നാണ് നിരവധി കുട്ടികൾ പഠിക്കുന്ന ടൗൺ യു.പി സ്കൂൾ സ്ഥതി ചെയ്യുന്നത്. കുട്ടികൾക്ക് ഗുരുതരമായ ആരോഗ്യ ഭീഷണിയാണ് വവ്വാലുകൾ സൃഷ്ടിക്കുന്നത്. ഇവയുടെ വിസർജ്യം സ്കൂൾ വളപ്പിലേക്കാണ് പതിക്കുന്നത്. വവ്വാലുകളിൽ നിന്ന് വ്യാപിക്കുന്ന നിപ രോഗം ഒരു ഭീഷണിയായി നിൽക്കവേയാണ് ഈ ദുരവസ്ഥ. വവ്വാൽ കൂട്ടത്തെ ജനവാസ മേഖലയിൽ നിന്ന് അകറ്റാൻ മരങ്ങളുടെ ചില്ലകൾ വെട്ടിമാറ്റണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
കെട്ടിടം തകർച്ചയിൽ
ടൗൺ യു.പി സ്കൂൾ പരിസരത്തെ പഴയ ജില്ലാ ടെക്സ്റ്റ് ബുക്ക് ഡിപ്പോ കെട്ടിടം നിലംപൊത്താറായിട്ടും ഭീതി ഒഴിവാക്കാൻ അധികൃതർ തയ്യാറാവുന്നില്ല. കെട്ടിടത്തിന്റെ ശോച്യാവസ്ഥ കാരണം ടെക്സ്റ്റ് ബുക്ക് ഡിപ്പോ മങ്ങാട് സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. എന്നിട്ടും കുട്ടികൾക്കുണ്ടാവുന്ന സുരക്ഷാ പ്രശ്നം പരിഗണനയിൽ വന്നില്ല. സ്കൂളിലെ ബെല്ല് തൂക്കിയിട്ടിരിക്കുന്നത് ഈ കെട്ടിടത്തിലാണ്. കാടുപിടിച്ച പരിസരവും കുട്ടികളെ ആശങ്കപ്പെടുത്തുന്നു. പി.ടി.എ അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞദിവസം കൂടിയ സ്കൂൾ സുരക്ഷാ ഓഡിറ്റ് യോഗത്തിലാണ് സുരക്ഷാഭീഷണി സംബന്ധിച്ച പ്രശ്നങ്ങൾ ഉയർന്നുവന്നത്. ഒരു ദുരന്തമുണ്ടാകാൻ കാത്തു നിൽക്കാതെ എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
വിഷയങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെയും കോർപ്പറേഷന്റെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ട് മനസിലാക്കി വേഗത്തിൽ നടപടികൾ ഉണ്ടാകും എന്നാണ് കരുതുന്നത്
എസ്. ഹരിലാൽ, പി.ടി.ഐ വൈസ് പ്രസിഡന്റ്