dog

കൊല്ലം: ജില്ലയിൽ പേവിഷം ബാധിച്ച് മരിക്കുന്നവരുടെ ശരാശരിയിൽ വൻ വർദ്ധന. മുൻ വർഷങ്ങളിൽ ഒന്നോ രണ്ടോ പേർ മാത്രമാണ് മരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ നാല് മാസത്തിനിടയിൽ ജില്ലയിൽ മൂന്ന് പേർ ഇത്തരത്തിൽ മരിച്ചു. ഇവർ മൂന്ന് പേരും പേവിഷ പ്രതിരോധ വാക്സിൻ ഡോസുകൾ പൂർണമായും എടുത്തവരാണ്.

ഏപ്രിലിൽ ഓച്ചിറ സ്വദേശിയായ 58കാരൻ, മേയിൽ വിളക്കുടി സ്വദേശിനിയായ ഏഴ് വയസുകാരി, ജൂണിൽ നിലമേൽ സ്വദേശിയായ 47 കാരൻ എന്നിങ്ങനെയാണ് ജില്ലയിലെ പേ വിഷബാധ മരണം. മൂന്നുപേരും തെരുവ് നായകളിൽ നിന്ന് കടിയേറ്റവരാണ്. തെരുവ് നായകളുടെ എണ്ണം കുത്തനെ ഉയർന്നതാണ് പേ വിഷ മരണം വർദ്ധിച്ചതിന്റെ കാരണം.

തെരുവ് നായകളെ വന്ധ്യംകരിക്കാനുള്ള പദ്ധതി വർഷങ്ങളായി കൊല്ലം കോർപ്പേറഷനിൽ മാത്രമാണ് കാര്യക്ഷമം. പോർട്ടബിൾ എ.ബി.സി സെന്ററുകളിൾ തെരുവുനായ വന്ധ്യംകരണം വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷ. അരയ്ക്ക് മുകളിൽ കടിയേറ്റ് റാബിസ് ലിസാ വൈറസുകൾ വേഗത്തിൽ തലച്ചോറിലെത്തുന്നതാണ് പ്രതിരോധ വാക്സിനെടുത്തിട്ടും മരിക്കുന്നതിന്റെ കാരണമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.

എ.ബി.സി പദ്ധതി പാളി

തെരുവ് നായ വന്ധ്യംകരണം പാളി

 പ്രതീക്ഷ പോർട്ടബിൾ എ.ബി.സി സെന്ററുകൾ

 തെരുവ് നായകൾ അക്രമാസക്തരായി ജനങ്ങളെ കടിക്കുന്നത് നിത്യസംഭവം

 എല്ലാ ദിവസവും ഒന്നിലേറെ സ്ഥലങ്ങളിൽ തെരുവ് നായ ആക്രമണം

 കഴിഞ്ഞ നാല് മാസത്തിനിടയിൽ 19031 പേർക്കാണ് കടിയേറ്റത്

 ഇതിൽ വലിയൊരു വിഭാഗം തെരുവ് നായ ആക്രമിച്ചത്

മാസം, കടിയേറ്റവരുടെ എണ്ണം

ജനുവരി-2928
ഫെബ്രുവരി-3723
മാർച്ച്-3461
ഏപ്രിൽ-2910
മേയ്-3192
ജൂൺ-2817

തെരുവ് നായകളുടെ കടിയേൽക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധന ആശങ്കാജനകമാണ്. മനുഷ്യർക്ക് പുറമേ പശു അടക്കമുള്ള വളർത്തുമൃഗങ്ങളെയും കടിക്കുന്നുണ്ട്. കടിയേറ്റ പശുവിന്റെ പാൽ ഉപയോഗിച്ചവരടക്കം പ്രതിരോധ വാക്സിനെടുക്കാൻ വരുന്ന അവസ്ഥയുമുണ്ട്.

ആരോഗ്യവകുപ്പ് അധികൃതർ