കൊല്ലം: കൊല്ലത്തെ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഗോതമ്പ് ചെള്ള് നിറഞ്ഞ് ഉപയോഗ ശൂന്യമായവയെന്ന് വ്യാപക പരാതി. കഴിഞ്ഞമാസം വിതരണം ചെയ്ത ഗോതമ്പിലാണ് ചെള്ള് കണ്ടെത്തിയത്.
ഒരു കിലോ ഗോതമ്പ് വാങ്ങിയാൽ 100 ഗ്രാമോളം ചെള്ളും ഫ്രീയായി കിട്ടുമെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. ഇതേ പറ്റി പരാതി പറഞ്ഞാൽ കിട്ടുന്നതല്ലേ തരാൻ പറ്റൂ എന്നാണ് റേഷൻ കടക്കാർ ചോദിക്കുന്നത്. കൊല്ലത്തെ എൻ.എഫ്.എസ്.എ ഗോഡൗണിൽ നിന്ന് വിതരണം ചെയ്യുന്ന ഗോതമ്പിലാണ് ചെള്ള് നിറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ദിവസം എത്തിയ 12 ചാക്ക് ഗോതമ്പിൽ നാലെണ്ണം ചെള്ള് നിറഞ്ഞതായിരുന്നു. ചാക്ക് പൊട്ടിച്ചതോടെ ചെള്ളുകൾ കൂട്ടത്തോടെ പുറത്തിറങ്ങി വിതരണത്തിന് വച്ചിരുന്ന അരിച്ചാക്കിലേക്കും കയറി. അധികൃതരെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ഒരു റേഷൻവ്യാപാരി പറയുന്നു.
റേഷൻ കടകളിലേയ്ക്കുള്ള വിതരണത്തിന് മുമ്പ് ഗോതമ്പ് പരിശോധിച്ച് നല്ലതെന്ന് ഉറപ്പ് വരുത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം. സിവിൽ സപ്ലൈസ് ഗോഡൗണുകളിലേക്ക് വരുന്ന ലോഡുകളിൽ എല്ലാ ചാക്കും പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയാറില്ല. ഇത്തരത്തിൽ ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യധാന്യ ചാക്കുകളിലാണ് ചെള്ളുകൾ കൂടുതലായുള്ളത്. ഇവ കണ്ടെത്താനും ഉദ്യോഗസ്ഥർക്കാകുന്നില്ല.
റേഷൻ ഗോതമ്പ് ഉപയോഗശൂന്യം
വിതരണം ചെയ്ത ഗോതമ്പിൽ നിറയെ ചെള്ള്
കേടായ ധാന്യങ്ങൾ വിതരണം ചെയ്യരുത്
മാറ്റിവച്ച് റേഷനിംഗ് അധികൃതരെ അറിയിക്കണം
എല്ലാ ലൈസൻസികൾക്കും നിർദ്ദേശം
വിവരം കൈമാറണമെന്ന് ഭക്ഷ്യവകുപ്പ് അധികൃതർ
ഗോഡൗണിലെ ധാന്യങ്ങൾ എഫ്.സി.ഐ ക്വാളിറ്റി ചെക്കിംഗ് ഓഫീസർ പരിശോധിച്ചിരിക്കണം
ചട്ടം പാലിക്കപ്പെടുന്നില്ലെന്ന് വ്യാപക പരാതി
മട്ട അരിക്ക് ആവശ്യക്കാരേറെ
വെള്ളഅരിയേക്കാൾ ചുവന്ന മട്ടഅരിക്കാണ് ആവശ്യക്കാരേറെ. ഓണം പ്രമാണിച്ചുള്ള സ്പെഷ്യലിലും വെള്ള അരി കുറച്ച് മട്ട അരിയും പച്ചരിയും കൂടുതൽ ലഭ്യമാക്കണമെന്നാണ് ആവശ്യം.
സാധനങ്ങൾ മോശമാകാതിരിക്കാൻ ലൈസൻസികൾക്കും കേടുവന്ന സാധനങ്ങൾ വാങ്ങാതിരിക്കാൻ ഉപഭോക്താക്കൾക്കും ഉത്തരവാദിത്വമുണ്ട്. വിവരം ബന്ധപ്പെട്ടവരെ ഉടൻ അറിയിക്കണം.
ഭക്ഷ്യവകുപ്പ് അധികൃതർ
കഴിഞ്ഞമാസം ലോഡ് കുറവായിരുന്നു. ഈ മാസം ഇറക്കിയ ലോഡുകളിലാണ് വ്യാപകമായി ചെള്ള് കണ്ടെത്തിയത്. വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
റേഷൻ വ്യാപാരികൾ