കൊല്ലം: അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. പ്രതിലോമകരമായ ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, ഡി.എ കുടിശിക അനുവദിക്കുക, ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, അദ്ധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുക, പൊതുവിദ്യാഭ്യാസ മേഖലയിലെ ഏകീകരണ നടപടികൾ പൂർത്തിയാക്കുക എന്നിവയാണ് ആവശ്യങ്ങൾ രാവിലെ 10ന് ടൗൺ യു.പി സ്കൂൾ മുറ്റത്തുനിന്ന് മാർച്ച് തുടങ്ങും. ധ‌ർണ കേരള സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോ. ഷിജു ഖാൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.എൻ. മധുകുമാർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി എ. നജീബ് സംസാരിക്കും. രണ്ടായിരത്തിൽപ്പരം അദ്ധ്യാപകർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എസ്. സബിത, ജി.കെ. ഹരികുമാർ, ജില്ലാ പ്രസിഡന്റ് കെ.എൻ. മധുകുമാർ, സെക്രട്ടറി ബി. സജീവ്, രാജീവ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.