photo-
ക്ലാപ്പനയിലെ വെള്ളക്കെട്ട്,

ക്ലാപ്പന : ക്ലാപ്പന ഗ്രാമപഞ്ചായത്ത് ഇപ്പോൾ കടുത്ത വെള്ളക്കെട്ട് ഭീഷണിയിലാണ്. കേവലം രണ്ട് ദിവസം തുടർച്ചയായി മഴ പെയ്താൽ പോലും പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാകും. കാലങ്ങളായി തുടരുന്ന തോടുകളുടെ നികത്തലും കൈയേറ്റങ്ങളുമാണ് ഈ ദുരിതത്തിന് പ്രധാന കാരണം. ക്ലാപ്പനയിലെ ജലനിർഗ്ഗമന സൗകര്യങ്ങൾ സംരക്ഷിക്കാനും കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും സംരക്ഷണഭിത്തികൾ കെട്ടാനും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും വിവിധ വകുപ്പുകളുടെയും സഹകരണം തേടുകയാണ് നാട്ടുകാർ.

ജലപാതകൾ താറുമാറായി

മുൻകാലങ്ങളിൽ, ക്ലാപ്പനയുടെ കിഴക്ക് ഭാഗത്തുള്ള ഓച്ചിറ ഗ്രാമപഞ്ചായത്തിൽ നിന്ന് വിവിധ തോടുകളിലൂടെ ഒഴുകിയെത്തിയിരുന്ന വെള്ളം തഴവയലിൽ എത്തുകയും അവിടെ നിന്ന് കുറ്റിയേടത്ത് തോടുവഴിയും കണ്ണമത്ത് തോടുവഴിയും മറ്റ് ജലപാതകൾ പിന്നിട്ട് ടി.എസ്. കനാലിൽ എത്തിച്ചേരുകയുമായിരുന്നു പതിവ്. എന്നാൽ ഇന്ന് ഈ ജലപാതകളെല്ലാം താറുമാറായി. തഴവയൽ പൂർണ്ണമായും നികത്തപ്പെട്ടു. കുറ്റിയേടത്ത് തോട് പലയിടത്തും നീരൊഴുക്ക് തടസപ്പെട്ടു. ഇപ്പോൾ കണ്ണമത്ത് തോട് മാത്രമാണ് വെള്ളം ഒഴുകിപ്പോകാനുള്ള ഏക ആശ്രയം. നെൽവയലുകൾ വ്യാപകമായി നികത്തിയതും നാലും അഞ്ചും മീറ്റർ വീതിയുണ്ടായിരുന്ന തോടുകൾ നികത്തി റോഡുകളാക്കിയതും സ്ഥിതി കൂടുതൽ വഷളാക്കി. റോഡിന്റെ അരികിൽ 30-50 സെന്റീമീറ്റർ മാത്രം വീതിയുള്ള ഓടകളായി തോടുകൾ ചുരുങ്ങിയതോടെ മഴവെള്ളം ഉൾക്കൊള്ളാനാവാതെ പുരയിടങ്ങളിലൂടെ ഒഴുകുന്ന അവസ്ഥയായി.

8 വാർഡുകളിലെ ദുരിത ജീവിതം

നിലവിൽ 15 വാർഡുകളുള്ള ക്ലാപ്പനയിലെ 2, 3, 4, 5, 6, 7, 8, 9 എന്നീ എട്ട് വാർഡുകളിലെ ജനങ്ങൾ വെള്ളക്കെട്ട് മൂലം കടുത്ത ദുരിതത്തിലാണ്.