തഴവ: പുതിയ ദേശീയപാത യാഥാർത്ഥ്യമാകുമ്പോൾ വീതികുറഞ്ഞ സർവീസ് റോഡുകൾ സാധാരണക്കാരുടെ പൊതുജീവിതത്തിന് ഭീഷണിയാകുമെന്ന ആശങ്ക ശക്തമാകുന്നു. നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയുടെ ഇരുവശങ്ങളിലും ക്രമീകരിച്ചിരിക്കുന്ന സർവീസ് റോഡുകൾക്ക് ഓടകളുടെ കവറിംഗ് സ്ലാബ് ഉൾപ്പെടെ ഏഴ് മീറ്റർ മാത്രമാണ് വീതിയുള്ളത്. ഇത് സുഗമമായ ഗതാഗതത്തിന് പര്യാപ്തമല്ലെന്ന് വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്.
പ്രാദേശിക വാഹനങ്ങളുടെ ആശ്രയം
പുതിയ ദേശീയപാത നിലവിൽ വരുന്നതോടെ ദീർഘദൂര യാത്ര ആവശ്യമുള്ള വാഹനങ്ങൾ ഒഴികെ, ഓട്ടോറിക്ഷകൾ, ടാക്സി വാഹനങ്ങൾ, ഓർഡിനറി ബസുകൾ, ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പ്രാദേശിക വാഹനങ്ങളും സർവീസ് റോഡുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ നിലവിലെ വീതി ഈ വാഹനങ്ങൾക്ക് സുഗമമായ യാത്രയ്ക്ക് അപര്യാപ്തമാണെന്നതാണ് പ്രധാന ആശങ്ക.
പുതിയകാവ് ജംഗ്ഷനിൽ ഗതാഗതക്കുരുക്ക്
അണ്ടർപാസിന്റെ നിർമ്മാണം നടക്കുന്ന പുതിയകാവ് ജംഗ്ഷനിൽ സർവീസ് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നു കൊടുത്തുകഴിഞ്ഞു. എന്നാൽ ഇവിടെ നിലവിൽ രൂക്ഷമായ ഗതാഗത തടസമാണ് നേരിടുന്നത്. യാത്രക്കാരുടെ ആവശ്യത്തിനായി ബസുകൾ നിറുത്തുന്ന സാഹചര്യങ്ങളിൽ സർവീസ് റോഡുകളിൽ ഗതാഗതം പൂർണമായും സ്തംഭിക്കുന്ന അവസ്ഥയുണ്ട്.
സർവീസ് റോഡിനോട് ചേർന്ന് ബസ് ബേകൾ സ്ഥാപിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനോ, ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തുന്നതിനോ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. ഓച്ചിറയ്ക്കും കരുനാഗപ്പള്ളിക്കും ഇടയ്ക്ക് ഏതാണ്ട് പത്തോളം പ്രധാന ബസ് സ്റ്റോപ്പുകളുണ്ടെങ്കിലും, ഇവിടെ യാത്രക്കാർക്ക് വാഹനം കാത്തുനിൽക്കാനോ ബസ് നിറുത്താനോ ഒരടി സ്ഥലം പോലും പാതയൊഴിച്ച് ബാക്കിയില്ല.
അപകട ഭീഷണി
സർവീസ് റോഡിനോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഓടകളുടെ കവറിംഗ് സ്ലാബുകൾക്ക് മുകളിലൂടെ ഭാരവാഹനങ്ങൾ കടന്നുപോകുന്നത് അപകട ഭീഷണിയാകുമെന്ന ആശങ്കയും ശക്തമാണ്. 17 സെന്റീമീറ്റർ വീതി മാത്രമുള്ള പാർശ്വഭിത്തികളുടെ മുകളിലാണ് ഈ സ്ലാബുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിന് മുകളിലൂടെ നിർമ്മാണ സാമഗ്രികൾ ഉൾപ്പെടെ കയറ്റി വരുന്ന മൾട്ടി ആക്സിൽ ലോഡ് വാഹനങ്ങൾ കടന്നുപോകുന്നത് അപകടകരമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ദേശീയപാത ഉപയോഗിക്കുന്ന വാഹനങ്ങളിൽ അറുപത് ശതമാനത്തിലധികവും പ്രാദേശിക വാഹനങ്ങളായിട്ടും ഇത് വിലയിരുത്തി സുഗമമായ യാത്രയ്ക്ക് യോജ്യമായ സർവീസ് റോഡുകൾ നിർമ്മിക്കുന്നതിൽ അധികൃതർ ഗുരുതരമായ അലംഭാവമാണ് കാണിച്ചിരിക്കുന്നത്.