photo

കൊല്ലം: പിന്നണിഗാനത്തിന്റെ സുവർണ ജൂബിലി ശോഭയിൽ ഓണത്തെ വരവേൽക്കാൻ മധുരമായി പാടുകയാണ് ഗായിക എൻ.ലതിക (65). 'ഉത്രാട രാവിലെ എന്നോർമ്മപ്പൂക്കളം പൊന്നോണ പൂവിതളിൽ തൊട്ടുതഴുകി'- എഴുകോണിലെ പാർത്ഥാസ് സ്റ്റുഡിയോയിൽ ആ സ്വരം പരന്നൊഴുകി... നല്ലോണ ഓർമ്മകളും ഊഞ്ഞാൽച്ചോട്ടിലെ പ്രണയവും ചേർത്തുള്ള ശ്യാം ഏനാത്തിന്റെ വരികൾക്ക് സലിൽ സുരേന്ദ്രനാണ് ഈണം നൽകിയത്. അമലേന്ദുവും അമൃതേന്ദുവും കോറസ് പാടി. സംഗീത സംവിധായകൻ ദിലീപ് ബാബു സംഗീതമൊരുക്കി.

മറുഭാഷാ സിനിമകളിലടക്കം മുന്നൂറ്റൻപതിലേറെ പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും ലതികയുടേതായി ഓണപ്പാട്ടുകൾ കുറവാണ്. കോഴിക്കോട് 'വൺസ് അപ്പോൺ എ ഡ്രീം' എന്ന സിനിമയ്ക്കുവേണ്ടി രണ്ട് ദിവസം മുമ്പ് പി.കെ.ഗോപിയുടെ വരികൾ പാടിയ ത്രില്ലോടെയാണ് ഓണപ്പാട്ടും മൂളിയത്. റഫീഖ് അഹമ്മദിന്റെ വരികൾ 'ഈ വലയം' എന്ന ചിത്രത്തിനുവേണ്ടി പാടിയത് ഇപ്പോൾ ഹിറ്റാണ്.

ഗാനഗന്ധർവൻ യേശുദാസിന്റെ നിർദ്ദേശപ്രകാരമാണ് ചെന്നൈ സംഗീത അക്കാഡമിയിൽ ചേർന്നത്. ഒന്നാം റാങ്കോടെ സംഗീത വിദ്വാൻ പാസായി. 1989ൽ പാലക്കാട് സംഗീത കോളേജിൽ അദ്ധ്യാപികയായതോടെ 'ലതിക ടീച്ച'റായി. തിരുവനന്തപുരം സ്വാതിതിരുന്നാൾ സംഗീത കോളേജിൽ അദ്ധ്യാപികയായിരിക്കെ ജോലിയിൽ നിന്ന് വിരമിച്ച് പിന്നണി ഗാനരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. താരുംതളിരും മിഴിപൂട്ടി, കാതോട് കാതോരം, നീ എൻ സർഗസൗന്ദര്യമേ, പൊൻപുലരൊളി പൂ വിതറിയ തുടങ്ങി ലതിക പാടിയ പാട്ടുകളൊക്കെ ഹിറ്റായി.

കൊല്ലം ആശ്രാമം സദാശിവൻ ഭാഗവതരുടെയും ബി.കെ.നളിനിയുടെയും അഞ്ചുമക്കളിൽ നാലാമത്തെയാളാണ് ലതിക. ഭർത്താവ് രാജേന്ദ്രനും മകൻ രാഹുൽ രാജുമാണ് പ്രോത്സാഹനം. കൊല്ലം കടപ്പാക്കട 'പ്രവീണ'യാണ് ഔദ്യോഗിക വിലാസമെങ്കിലും എറണാകുളത്തെ ഫ്ളാറ്റിലാണ് താമസം.

വഴിത്തിരിവായത് നാടക ഗാനം

അഞ്ചാം വയസ് മുതൽ ഗാനമേളകളിൽ പാടാറുണ്ട്. പത്താം ക്ളാസിൽ പഠിക്കുമ്പോഴാണ് നാടകത്തിൽ പാടിയത്. ഈ പാട്ട് സംവിധായകൻ ഐ.വി.ശശി കേൾക്കാനിടയായത് പിന്നണി ഗാനരംഗത്തേക്ക് വഴിയൊരുക്കി. 1976ൽ ഐ.വി.ശശി സംവിധാനം ചെയ്ത 'അഭിനന്ദന'ത്തിൽ പാടാൻ അവസരമൊരുങ്ങി. കണ്ണൂർ രാജൻ ഈണം പകർന്ന 'പുഷ്പതൽപ്പത്തിൽ നീ വീണുറങ്ങി.. സ്വപ്നനിദ്ര‌യിൽ ഞാൻ തിളങ്ങി' എന്ന ആദ്യഗാനം അന്നേ ഹിറ്റായി. യേശുദാസിനൊപ്പമായിരുന്നു കന്നിപ്പാട്ട്.

കുട്ടിക്കാലത്തെ മാവേലിപ്പാട്ടുകൾ മനസിൽ നിന്ന് മാഞ്ഞിട്ടില്ല. ആൽബങ്ങളുടെ വരവാണ് ഓണപ്പാട്ടുകൾക്ക് സ്വീകാര്യത വർദ്ധിപ്പിച്ചത്.

എൻ.ലതിക