ക്ളാപ്പന : വർഷങ്ങളായി ക്ലാപ്പന നിവാസികളെ ദുരിതത്തിലാക്കുന്ന വെള്ളക്കെട്ടിന് പ്രധാന കാരണം പുളിക്കിശ്ശേരി തോടിന്റെ ശോച്യാവസ്ഥയും വ്യാപകമായ കൈയേറ്റവുമാണെന്ന് നാട്ടുകാർ പറയുന്നു. റവന്യൂ രേഖകളിൽ 6.5 മുതൽ 12 മീറ്റർ വരെ വീതി രേഖപ്പെടുത്തിയിട്ടുള്ള ഈ തോടിന് നിലവിൽ 1 മുതൽ 3 മീറ്റർ വരെ മാത്രമാണ് വീതിയുള്ളത്. മരങ്ങൾ മറിഞ്ഞുകിടന്നും മാലിന്യങ്ങൾ നിറഞ്ഞും തോടിന്റെ ഒഴുക്ക് പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്. തോടിലെ ഒഴുക്ക് തടസപ്പെട്ടതോടെ പഞ്ചായത്തിലെ രണ്ട്, മൂന്ന്, ഏഴ് വാർഡുകൾ വർഷത്തിൽ അധികകാലവും വെള്ളക്കെട്ടിലാണ്. കൂടാതെ, നാല്, അഞ്ച്, ആറ്, എട്ട്, ഒൻപത് വാർഡുകളിലെ വിവിധ പ്രദേശങ്ങളിലും വെള്ളക്കെട്ട് ജനജീവിതം ദുസഹമാക്കുന്നു. ഓച്ചിറ പഞ്ചായത്തിലെ ദേശീയപാതയ്ക്ക് പടിഞ്ഞാറുള്ള ഭാഗങ്ങളെയും ഇത് ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
പുളിക്കിശ്ശേരി തോട്
റവന്യൂ രേഖകളിൽ 6.5 മുതൽ 12 മീറ്റർ വരെ വീതി
നിലവിൽ 1 മുതൽ 3 മീറ്റർ വരെ മാത്രം
കൂനിന്മേൽ കുരുവായ പാലം നിർമ്മാണം
പ്രദേശവാസികളുടെ ദുരിതം വർദ്ധിപ്പിച്ചുകൊണ്ട്, ആയിരംതെങ്ങ് അഴീക്കൽ പാലം നിർമ്മിച്ചപ്പോൾ ടി.എസ്. കനാലിലേക്ക് വെള്ളം ഒഴുകിയെത്തേണ്ട തോടിന് മുകളിൽ കോൺക്രീറ്റ് സ്ലാബ് നിർമ്മിച്ചത് സ്ഥിതി അതീവ ഗുരുതരമാക്കി. പാലത്തിന്റെ പില്ലറുകൾ നിർമ്മിക്കാൻ എടുത്ത മണ്ണ് തോടിൽ നിന്ന് നീക്കം ചെയ്യാതെ സ്ലാബ് വാർത്തതോടെ ഒഴുക്ക് പൂർണമായും നിലച്ചിട്ട് വർഷങ്ങളായി.
പരിഹാരം കാത്ത് ക്ലാപ്പന
ക്ലാപ്പനയിലെ ജലനിർഗ്ഗമന മാർഗ്ഗങ്ങളിലെ തടസങ്ങൾ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ സംഭവിച്ചതല്ല, മറിച്ച് 30-40 വർഷം മുൻപേ തുടങ്ങിയതാണ്. തോടുകൾ നികത്തി റോഡുകളാക്കിയപ്പോഴും നിലങ്ങൾ നികത്തി പുരയിടങ്ങളാക്കിയപ്പോഴും ബദൽ സംവിധാനങ്ങൾ ഒരുക്കുന്നതിൽ അധികൃതർക്ക് വീഴ്ച പറ്റി. തോട് പുറമ്പോക്കുകൾ അളന്നുതിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി പലതവണ കത്തുകളയച്ചിട്ടും നടപടികളുണ്ടായിട്ടില്ല.
ക്ലാപ്പനയിലെ ജലനിർഗമന സൗകര്യങ്ങൾ സംരക്ഷിക്കാനും കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും സംരക്ഷണഭിത്തികൾ കെട്ടാനും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും വിവിധ വകുപ്പുകളുടെയും അടിയന്തര സഹകരണം അനിവാര്യമാണ്. കാലവർഷം കനക്കുന്നതിന് മുൻപ് നടപടികൾ ഉണ്ടായില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകും.
പ്രദേശവാസികൾ