കൊല്ലം: ഈസ്റ്റ്‌ പൊലീസ് സ്റ്റേഷന് സമീപം റോഡരികിലെ വെള്ളക്കെട്ട് കാൽനട യാത്രികർക്ക് തലവേദനയാവുന്നു. ചെറിയൊരു മഴ പെയ്താൽ പോലും ഇവിടം ചെളിക്കുണ്ടാവുന്നത് പതിവാണ്.

കൊല്ലം റെയിൽവേ സ്റ്റേഷന്റെ താത്കാലിക പാർക്കിംഗ് ഗ്രൗണ്ടിന് സമീപത്ത് വരെയാണ് വെള്ളക്കെട്ട് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ചെളിവെള്ളത്തിൽ ചവിട്ടാതിരിക്കാൻ കാൽനടയാത്രക്കാർ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട ഗതികേടിലാണ്. വാഹനങ്ങളുടെ 'തലോട'ലിൽ നിന്ന് ഇവർ കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്. റോഡിലേക്കിറങ്ങി നടക്കവേ അപകടം മണത്താൽ, ചെളിവെള്ളത്തിലേക്ക് ചാടുക മാത്രമേ രക്ഷയുള്ളൂ.

തിരക്കേറിയ പാതയായതുകൊണ്ട് കാൽനടയാത്രക്കാർക്ക് ഇതുവഴിയുള്ള യാത്ര ഏറെ ദുസ്സഹമാണ്. വെള്ളക്കെട്ടിന് പഴക്കമേറുമ്പോൾ കൂത്താടികളുടെ ശല്യവുമുണ്ട്. മഴക്കാലത്ത് സ്റ്റേഷനിലേക്ക് എത്തുന്നവരും ചെളിവെള്ളം ചവിട്ടിക്കയറേണ്ട അവസ്ഥയാണ്.

ചെളിവെള്ളത്തിൽ ഇറങ്ങാതെ സ്റ്റേഷനിലേക്ക് എത്തണമെങ്കിൽ ചാട്ടം വശമായിരിക്കണം. പ്രായമുള്ളവരാണ് ഏറെ വലയുന്നത്.

വെള്ളം ഒഴുകിപ്പോകാനുള്ള ഇടമില്ലാത്തതാണ് വിഷയം. ഇവിടെ ഇങ്ങനെ വെള്ളക്കെട്ട് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നത് അധികൃതർക്കും ബോദ്ധ്യമുള്ളതാണെങ്കിലും പരിഹാര നടപടികൾ ഉണ്ടാവുന്നില്ല.

വലിയ ബുദ്ധിമുട്ടാണ് ഈ ഭാഗം ഒന്ന് കടന്നു കിട്ടാൻ. ഒന്നുകിൽ കെട്ടിക്കിടക്കുന്ന ഈ അഴുക്ക് വെള്ളത്തിൽ ചവിട്ടി നടക്കണം. വെള്ളത്തിൽ ചവിട്ടാതെ ഒഴിഞ്ഞു നടന്നാൽ വണ്ടി തട്ടും. ഇതാണ് അവസ്ഥ. അപകടം പറ്റാതെ രക്ഷപ്പെട്ടാൽ ഭാഗ്യം എന്ന് കരുതിയാൽ മതി

യാത്രക്കാർ