കൊല്ലം: ജോലിക്ക് നിന്ന വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യുവാവ് റിമാൻഡിൽ. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. കാസർകോട് സ്വദേശിനിയായ രേവതിയെ (36) താന്നിക്കമുക്കിലെ വീട്ടിലെത്തിയാണ് ഭർത്താവ് കല്ലുവാതുക്കൽ സ്വദേശി ജിനു കുത്തി കൊലപ്പെടുത്തിയത്.
കഴിഞ്ഞ അഞ്ചുമാസമായി രേവതി ഇവിടെ കെയർടേക്കറായി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ രാത്രി 9.30 ഓടെ ജിനു, രേവതിയുമായി ആദ്യം മതിൽക്കെട്ടിന് പുറത്ത് നിന്ന് സംസാരിച്ചു. തർക്കമുണ്ടായതോടെ ജിനു മതിൽ ചാടിക്കടന്നെത്തി രേവതിയെ കുത്തുകയായിരുന്നു. രേവതിയെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവശേഷം രക്ഷപ്പെട്ട പ്രതിയെ 11.45 ഓടെ ശൂരനാട് നിന്ന് പിടികൂടി. ഭരണിക്കാവിൽ ഒരു പ്ലൈവുഡ് കമ്പനിയിൽ ജോലിക്കാരനാണ് ജിനു. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്ന് അഞ്ചാലുംമൂട് പൊലീസ് പറഞ്ഞു. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം പൂർത്തിയാക്കിയ ശേഷം രേവതിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. റിമാൻഡ് ചെയ്തു.