എഴുകോൺ : എഴുകോൺ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ച് ടിക്കറ്റ് റിസർവേഷൻ സൗകര്യം ഏർപ്പെടുത്തി. മേയ് 19 ന് കൊടിക്കുന്നിൽ സുരേഷ് എം.പി.യും റെയിൽവേ അഡീഷണൽ ഡിവിഷണൽ മാനേജർ എൻ. എൻ.റാവു ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത് നടന്ന അവലോകന യോഗത്തിലും ഈ ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു. ഇന്നലെ മുതലാണ് റിസർവേഷൻ, തത്കാൽ കൗണ്ടറുകളുടെ പ്രവർത്തനം ആരംഭിച്ചത്. എഴുകോൺ റെയിൽവേ സ്റ്റേഷന്റെ വികസനത്തിൽ കേരള കൗമുദി നിരവധി തവണ വാർത്ത നൽകിയിരുന്നു. റിസർവേഷൻ സംവിധാനം വേണമെന്നത് വാർത്തകളിലെ നിരന്തര ആവശ്യമായിരുന്നു.
സേവന സമയം:
റിസർവേഷൻ ടിക്കറ്റുകൾ: രാവിലെ 8 മുതൽ 12 വരെയും, ഉച്ചയ്ക്ക് 2.30 മുതൽ വൈകിട്ട് 4.30 വരെയും ലഭ്യമാണ്.
തത്കാൽ ടിക്കറ്റുകൾ: രാവിലെ 10 മുതൽ എ.സി തത്കാൽ ടിക്കറ്റുകളും, 11 മുതൽ സ്ലീപ്പർ തത്കാൽ ടിക്കറ്റുകളും ലഭിക്കും.
ടോക്കൺ വിതരണം: രാവിലെ 7.30 മുതൽ ടോക്കണുകൾ നൽകിത്തുടങ്ങും.
കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് വരും
റിസർവേഷൻ ഏർപ്പെടുത്തിയതിലൂടെ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള അവസരം ഒരുങ്ങും. വേളാങ്കണ്ണി സർവീസിന് സ്റ്റോപ്പ് അനുവദിക്കുന്നതിൽ ഏകദേശ ധാരണയുണ്ട്. ഇതിന് പുറമെ ചെന്നൈ എഗ്മോർ,താമ്പരം സർവീസുകൾക്കാണ് ഇവിടെ സ്റ്റോപ്പില്ലാത്തത്.
2022- 23 ലെ കണക്കുകൾ പ്രകാരം 534 യാത്രക്കാർ എഴുകോണിൽ വന്ന് പോകുന്നുണ്ട്. ഇപ്പോഴിത് 800 നും മുകളിലാണെന്നാണ് അനൗദ്യോഗിക വിലയിരുത്തൽ.
ഒരുമയുടെ വിജയം
സ്വകാര്യവത്കരണത്തിന് ടെണ്ടർ വിളിച്ചിടത്ത് നിന്നാണ് എഴുകോൺ സ്റ്റേഷന്റെ ഇപ്പോഴത്തെ മുന്നേറ്റം.
നാട്ടുകാരും ട്രെയിൻ യാത്രക്കാരും ഒത്തൊരുമിച്ചാണ് സ്വകാര്യവത്കരണ നീക്കത്തെ പ്രതിരോധിച്ചത്. വരുമാന വർദ്ധന ലക്ഷ്യമിട്ട് വാട്സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ച് പ്രചാരണവും നടത്തി. ഇതേ തുടർന്ന് സ്ഥിരം യാത്രക്കാരല്ലാത്ത നാട്ടുകാർ പോലും ഇവിടെ നിന്ന് സീസൺ ടിക്കറ്റ് എടുത്തിരുന്നു.