കൊട്ടാരക്കര : പുലമൺ പ്രൈവറ്റ് ബസ് സ്റ്റേഷൻ പുനർനിർമ്മിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. . ഈ ആവശ്യം ഉന്നയിച്ച് നാട്ടുകാർ മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് നാളുകളേറെയായി. 75 ലക്ഷം രൂപ ചെലവിൽ പുലമൺ പ്രൈവറ്റ് ബസ് സ്റ്റേഷൻ ഹൈടെക് ആക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചെങ്കിലും സാങ്കേതിക തടസങ്ങൾ കാരണം പണി നിലച്ച അവസ്ഥയിലാണ്. നൂറിലേറെ സ്വകാര്യ ബസുകൾ വന്നുപോകുന്ന ഈ ബസ് സ്റ്റേഷന്റെ പാർക്കിംഗ് ഗ്രൗണ്ട് പൂർണമായും തകർന്നു കിടക്കുകയാണ്. ഗ്രൗണ്ടിന് നടുവിലൂടെ കടന്നുപോകുന്ന ഓടയുടെ സ്ലാബുകൾ മിക്കതും തകർന്ന നിലയിലും ഇളകിയും കിടക്കുന്നു. വാഹനങ്ങളിൽ കയറാനും ഇറങ്ങാനും തിക്കിത്തിരക്കുന്ന യാത്രക്കാർ പലപ്പോഴും ഈ തകർന്ന സ്ലാബുകളിൽ തട്ടി വീഴുന്നത് പതിവാണ്. മൂന്നര വർഷം മുൻപ് ധനമന്ത്രിയും ഗതാഗത മന്ത്രിയും ചേർന്ന് ഹൈടെക് ബസ് സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം നടത്തിയിരുന്നെങ്കിലും, നിർമ്മാണം എങ്ങുമെത്താതെ കിടക്കുന്നതിൽ വ്യാപകമായ പ്രതിഷേധമുണ്ട്.
ബി.ജെ.പിയും ബഹുജൻ സമാജ് പാർട്ടിയും
പുനർനിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ കഴിഞ്ഞ ദിവസം ബസ് സ്റ്റേഷനിൽ പ്രതീകാത്മക ഉദ്ഘാടനം നടത്തി. ധനമന്ത്രി കെ.എൻ. ബാലഗോപാലന്റെയും നഗരസഭാ ചെയർമാൻ അഡ്വ. ഉണ്ണികൃഷ്ണമേനോന്റെയും മുഖംമൂടി ധരിച്ചായിരുന്നു ഈ പ്രതീകാത്മക ഉദ്ഘാടനം. ബി.ജെ.പി കൊല്ലം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി ആലഞ്ചേരി ജയചന്ദ്രൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര അദ്ധ്യക്ഷനായി. പ്രസാദ് പള്ളിക്കൽ, ബി. സുജിത്, അരുൺ കാടാംകുളം, ആർ.എസ്. ഉമേഷ് എന്നിവർ സംസാരിച്ചു. ഏതു നിമിഷവും നിലംപൊത്താവുന്ന നിലയിലുള്ള പുലമൺ പ്രൈവറ്റ് ബസ് സ്റ്റേഷൻ കെട്ടിടം പുനർനിർമ്മിക്കണമെന്ന് ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി.) കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി സുനിൽ കെ. പാറയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജോസ് സാരാനാഥ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ബിബിൻ കണിയാംകോണത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ വിൽഫ്രെഡ്, സക്കറിയ, സോമൻ കെയ, ചേരാലാതൻ എന്നിവർ സംസാരിച്ചു.