പോരുവഴി: മൈനാഗപ്പള്ളി വേങ്ങയിൽ, ചവറ-ശാസ്താംകോട്ട പൈപ്പ് റോഡിൽ വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിന് സമീപം വൈദ്യുതി ലൈൻ പൊട്ടിവീണെങ്കിലും തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് ഈ അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മൂന്ന് മാസം മുൻപ് മഴയിലും കാറ്റിലും ഒരു മരക്കൊമ്പ് വൈദ്യുത കമ്പികൾക്ക് മുകളിൽ വീണിരുന്നു. ഫയർഫോഴ്സ് എത്തി ഇത് മുറിച്ചുമാറ്റിയെങ്കിലും, വൈദ്യുതി കമ്പികൾ താഴ്ന്ന് അപകടകരമായ നിലയിൽ കിടന്നിരുന്നു. ഈ അപകടാവസ്ഥയെക്കുറിച്ച് പ്രദേശവാസികൾ നിരവധി തവണ ശാസ്താംകോട്ട ഇലക്ട്രിസിറ്റി ഓഫീസിലെത്തി അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല. കഴിഞ്ഞ മാസം 17ന് ഗ്രാമപഞ്ചായത്ത് അംഗം റഫിയാനവാസ് രേഖാമൂലം പരാതി നൽകിയിട്ടും കെ.എസ്.ഇ.ബി അധികൃതർ അത് അവഗണിച്ചു. വ്യാഴാഴ്ച രാത്രി 10.15 ഓടെ അതുവഴി കടന്നുപോയ ഒരു വാഹനത്തിൽ വൈദ്യുതി കമ്പി കുരുങ്ങി പൊട്ടിവീഴുകയായിരുന്നു. ഭാഗ്യവശാൽ ഒരു കമ്പി മാത്രമാണ് കുരുങ്ങിയത്, ഇത് വലിയ ദുരന്തം ഒഴിവാക്കി. ഉടൻതന്നെ പ്രദേശവാസികൾ കെ.എസ്.ഇ.ബി അധികൃതരെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. ഇന്നലെ രാവിലെ പുതിയ പോസ്റ്റ് സ്ഥാപിച്ച് പ്രശ്നം പരിഹരിച്ചു.