kunnathoor-
കരുനാഗപ്പള്ളി കോടതിയിൽ വിചാരണത്തടവുകാരനെ വെച്ച് ക്രിമിനൽ സംഘം നടത്തിയ റീൽസ് ഷൂട്ട്

 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പൊലീസിന് വീഴ്ച

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കോടതിയിൽ വിചാരണത്തടവുകാരനെ ഉപയോഗിച്ച് ക്രിമിനൽ സംഘം റീൽസ് ചിത്രീകരിച്ചത് വിവാദമായി. ജിം സന്തോഷ് വധക്കേസിലെ മുഖ്യപ്രതിയായ ആലുവ അതുലിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ക്രിമിനൽ കേസുകളിലെ പ്രതികളായ അമ്പാടി,അനന്തു,ചക്കര,നിഖിൽ,മനോജ് എന്നിവരാണ് അതുലിനൊപ്പം റീൽസ് ചിത്രീകരിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കോടതി പരിസരത്ത് വെച്ചാണ് ഷൂട്ടിംഗ് നടന്നതെന്നാണ് സൂചന.ഒരു വിചാരണത്തടവുകാരനെ കോടതിയിൽ ഹാജരാക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പ്രതികളായവർക്കെതിരെയും അതുലിനെ കോടതിയിൽ എത്തിച്ച പൊലീസുകാർക്കെതിരെയും നടപടിയുണ്ടാകാൻ സാദ്ധ്യതയുണ്ട്. അതിനിടെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.