കരുനാഗപ്പള്ളി: കരോട്ടുമുക്ക്-കേശവപുരം ശ്മശാനം റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു. വർഷങ്ങളായി കുണ്ടുംകുഴിയുമായി കിടക്കുന്ന ഈ റോഡിലൂടെ രാത്രിയിൽ ഇരുചക്രവാഹനങ്ങളിൽ വരുന്നവർ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ മോശം അവസ്ഥ കാരണം ഓട്ടോറിക്ഷകൾ പോലും ഇവിടേക്ക് വരാൻ മടിക്കുകയാണ്.
നഗരസഭയുടെ ഖരമാലിന്യ ശേഖരണത്തിനുള്ള ടിപ്പറുകൾ ദിവസേന പലതവണ ഈ റോഡിലൂടെ കടന്നുപോകുന്നത് കാരണം വലിയ കുഴികൾ രൂപപ്പെടുകയും നാട്ടുകാരുടെ യാത്രാദുരിതം വർദ്ധിക്കുകയും ചെയ്യുകയാണ്. എന്നിട്ടും നഗരസഭ അധികാരികൾ റോഡ് നവീകരണ പ്രവൃത്തി ഏറ്റെടുക്കാൻ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.എത്രയും പെട്ടെന്ന് റോഡ് നവീകരിച്ച് യാത്രാദുരിതം പരിഹരിക്കണമെന്ന് സുരേഷ് പനക്കുളങ്ങര, ജോയി വർഗ്ഗീസ്, ബി.മോഹൻദാസ്, പി.തമ്പാൻ, പി.രമേശ് ബാബു, കെ.എസ്.കെ. രാമചന്ദ്രൻ, ശകുന്തള അമ്മവീട്, ജോൺസൺ കുരുപ്പിളയിൽ, മാത്യു തങ്കച്ചൻ, വർഗ്ഗീസ് ഡാനിയേൽ, കെ. ഉല്ലാസ് കുമാർ, തോമസ് മാത്യു എന്നിവർ ആവശ്യപ്പെട്ടു.