ചാത്തന്നൂർ: വിമുക്തഭടനെയും ഭാര്യയെയും വെട്ടി പരിക്കേൽപ്പിച്ച പ്രതിയെ പൊലീസ് പിടികൂടി. കാരംകോട് കിണറുമുക്ക് ചരുവിള വീട്ടിൽ വിക്രമന്റെ മകൻ വി.അനന്തുവിനെയാണ് (31, രാഹുൽ) ചാത്തന്നൂർ പൊലീസ് പിടികൂടിയത്. വിമുക്തഭടനും ചാത്തന്നൂരിൽ സൂപ്പർ മാർക്കറ്റ് ഉടയുമായ ഉളിയനാട് സ്വദേശിയായ ഫ്രാൻസിസിനാണ് (44) പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ബൈക്കിൽ നിന്ന് വീണെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പൊലീസ് പറയുന്നത്: ഫ്രാൻസിസും ഭാര്യയും കൂടി വ്യാഴാഴ്ച രാത്രി 9 ഓടെ ശീമാട്ടിയിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോൾ കാരംകോട് കിണറ് മുക്കിന് സമീപം സംസ്കൃതി കലാ കേന്ദ്രത്തിന് സമീപമുള്ള പ്രതിയുടെ വീട്ടിന് മുന്നിൽ റോഡിന് കുറുകെ നിന്ന് സ്‌കൂട്ടർ തടഞ്ഞ് പ്രകോപനമില്ലാതെ കൈയിൽ കരുതിയ കത്താൾ ഉപയോഗിച്ച് വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു.
ലഹരി ഉപയോഗിച്ചിരുന്ന പ്രതി സ്വന്തം വീട്ടിൽ മാരകയുധവുമായി ആക്രമണം നടത്തിയതായി പൊലീസ് പറഞ്ഞു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ചാത്തന്നൂർ പൊലീസ് കേസെടുത്തു പ്രതിയെ റിമാൻഡ് ചെയ്തു.