കൊല്ലം: പോളയത്തോട് കാഞ്ഞങ്ങാട്ടെ കശുഅണ്ടി വികസന കോർപ്പറേഷന്റെ ഫാക്ടറിയിൽ മൈക്കാട് ജോലി സംബന്ധിച്ച് തൊഴിലാളികൾ തമ്മിലുണ്ടായ തർക്കം പ്രതിഷേധത്തിൽ കലാശിച്ചു. ഗ്രേഡിംഗ്, ഷെല്ലിംഗ്, പീലിംഗ് വിഭാഗങ്ങളിലെ മൈക്കാഡ് തൊഴിലാളികളിൽ ഒരാൾ അവധിയിൽ പോയാൽ മറ്റൊരാളെ പകരം നിയോഗിക്കുന്നതാണ് രീതി.
കഴിഞ്ഞ ദിവസം മൈക്കാഡ് തൊഴിലാളികളിൽ ഒരാൾ അവധിയിൽ പോവുകയും പകരം ഷെല്ലിംഗിൽ നിന്ന് മറ്റൊരാളെ താത്കാലികമായി ചുമതല ഏൽപ്പിക്കുകയും ചെയ്തു. ബോർമയിൽ നിന്ന് കശുഅണ്ടി കൊണ്ടുവരുന്നതിനിടെ മൈക്കാഡ് ജോലിയിൽ ഉണ്ടായിരുന്ന ഒരാൾ ഇത് തടഞ്ഞതാണ് തർക്കം ഉണ്ടാക്കിയത്. മൈക്കാഡിൽ ഒപ്പമുണ്ടായിരുന്നയാൾ തടഞ്ഞവ്യക്തിക്ക് കൂട്ടുനിന്നുവെന്നും ആരോപണമുണ്ട്.
തർക്കം രൂക്ഷമായതോടെ ഇരുവർക്കും നോട്ടീസ് നൽകി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് തൊഴിലാളികൾ സംഘടിച്ച് ജോലിനിറുത്തി പ്രതിഷേധിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് തർക്കം ആരംഭിച്ചത്. മാനേജർ ഇടപെട്ടില്ലെന്നും തൊഴിലാളികൾ ആരോപിക്കുന്നു.
ഇന്നലെയും ജോലി മുടങ്ങിയതോടെ കോർപ്പറേഷൻ ഉദ്യോഗസ്ഥനെത്തി തൊഴിലാളികളുമായി ചർച്ച നടത്തി. തർക്കം രൂക്ഷമായതോടെ ഇരവിപുരം പൊലീസും സ്ഥലത്തെത്തിയിരുന്നു. തുടർന്ന് മൈക്കാട് ജോലിയിൽപ്പെട്ട തൊഴിലാളി ഉൾപ്പടെ രണ്ടുപേരെ രണ്ടു ദിവസം ജോലിയിൽ നിന്ന് മാറ്റി നിറുത്താമെന്ന് ഉറപ്പുനൽകി. ഇതോടെ തൊഴിലാളികൾ പ്രതിഷേധം അവസാനിപ്പിച്ചു.