പുനലൂർ : തെങ്ങുകയറ്റ യന്ത്രത്തിൽ തലകീഴായി ഏറെനേരം അപകടാവസ്ഥയിൽ തൂങ്ങിക്കിടന്ന
വയോധികനായ തെങ്ങുകയറ്റ തൊഴിലാളിയെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷിച്ചു. ഇന്നലെ സന്ധ്യയോടെ കരവാളൂർ പഞ്ചായത്തിലെ വെഞ്ചേമ്പിലാണ് സംഭവം. വെഞ്ചേമ്പ് മംഗലത്ത് വീട്ടിൽ തുളസീധരൻ നായരുടെ പുരയിടത്തിലെ തേങ്ങയിടാൻ കയറിയ തലച്ചിറ പ്രവീൺ ഭവനിൽ ലക്ഷ്മണനാണ്(65) ഉദ്ദേശം 50 അടിയോളം ഉയരമുള്ള തെങ്ങിന്റെ 35 അടിയോളം ഉയരത്തിൽ തെങ്ങുകയറുന്ന മെഷീനിൽ തലകീഴായി തൂങ്ങി കിടന്നത്. നാട്ടുകാർ ഏറെ പരിശ്രമിച്ചിട്ടും ലക്ഷ്മണനെ രക്ഷിക്കാൻ സാധിക്കാതെ വന്നതോടെ പുനലൂർ ഫയർഫോഴ്സിൽ വിവരമറിയിച്ചു. തുടർന്ന് തെങ്ങിൽ കയറി റോപ് ഉപയോഗിച്ച് ഏറെ പരിശ്രമങ്ങൾക്കൊടുവിലാണ് ലക്ഷ്മണനെ സുരക്ഷിതമായി താഴെ ഇറക്കിയത്. അഗ്നിരക്ഷാ നിലയത്തിൽ നിന്ന് എത്തിയ ജീവനക്കാരായ പി.അനിൽകുമാർ, പ്രതാപചന്ദ്രൻ, അനീഷ്, ശരത്, അഖിൽ സജിത്ത്,ശരത്ത്, മനോജ് എന്നിവർ നേതൃത്വം നൽകി.