ashta

ഉദ്ഘാടനം

കഴിഞ്ഞിട്ട്

1.5 മാസം

കൊല്ലം: തൃക്കരുവ പഞ്ചായത്ത് ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ ഉദ്ഘാടനം കഴിഞ്ഞ് ഒന്നരമാസം പിന്നിട്ടിട്ടും അഷ്ടമുടി ഗവ. എച്ച്.എസ്.എസിലെ ഹൈസ്കൂൾ വിഭാഗത്തിന്റെ പുത്തൻ കെട്ടിടം തുറക്കാനാകുന്നില്ല. സ്ഥലപരിമിതി മൂലം ഹൈസ്കൂൾ വിഭാഗത്തിലെ രണ്ട് ക്ലാസുകൾ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ രണ്ടാം നിലയിലാണ് പ്രവർത്തിക്കുന്നത്.

മൂന്ന് ക്ലാസ് മുറികൾ ഓട് മേഞ്ഞ പതിറ്റാണ്ടുകൾ പഴക്കമുള്ള മറ്റൊരു കെട്ടിടത്തിലുമാണ് പ്രവർത്തിക്കുന്നത്. പൊതുമരാമത്ത് വകുപ്പിൽ നിന്ന് അപ്രൂവ്ഡ് പ്ലാൻ ലഭിച്ചതിന് പിന്നാലെ കഴിഞ്ഞമാസം എട്ടിനാണ് സ്കൂൾ അധികൃതർ ഒക്കുപ്പൻസി സർട്ടിഫിക്കറ്റിനായി തൃക്കരുവ പഞ്ചായത്തിന് അപേക്ഷ നൽകിയത്.

ഇരുപത് ദിവസത്തിലേറെ അപേക്ഷയിൽ അടയിരുന്ന പഞ്ചായത്ത് ഉദ്യോഗസ്ഥർ ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് നൽകാതിരിക്കാനുള്ള കാരണങ്ങൾ ചികഞ്ഞ് കണ്ടെത്തി കഴിഞ്ഞമാസം 30ന് മറുപടി നൽകുകയായിരുന്നു. മറുപടിയിൽ പഞ്ചായത്ത് ചൂണ്ടിക്കാട്ടിയിരിക്കുന്ന പോരായ്മകൾ പരിഹരിക്കണമെങ്കിൽ ഇനിയും ലക്ഷക്കണക്കിന് രൂപ ചെലവഴിക്കേണ്ട അവസ്ഥയാണ്.

സ്കൂളിൽ പൊതുവായ ഉണ്ടാകേണ്ട ചില സൗകര്യങ്ങൾ പുതിയ കെട്ടിടത്തിൽ മാത്രം വേണമെന്നും പഞ്ചായത്ത് ഉദ്യോഗസ്ഥർ വാശി പിടിക്കുകയാണ്. ഒൻപത് ക്ലാസ് മുറികളുള്ള പുതിയ കെട്ടിടം ജൂൺ 12ന് മന്ത്രി വി.ശിവൻകുട്ടിയാണ് ഉദ്ഘാടനം ചെയ്തത്.

പഞ്ചായത്ത് കണ്ടെത്തിയ പോരായ്മകൾ

 മഴവെള്ള സംഭരണിയില്ല
 മാലിന്യ സംസ്കരണ സംവിധാനമില്ല

 ഭിന്നശേഷിക്കാർക്കുള്ള ടോയ്‌ലെറ്റില്ല

പുതിയ കെട്ടിടം വന്നിട്ടും വിദ്യാർത്ഥികൾ അപകടകരമായ അവസ്ഥയിലിരുന്നാണ് പഠിക്കുന്നത്. എത്രയും വേഗം പുതിയ കെട്ടിടത്തിന് ഒക്കുപ്പൻസിയും ഫിറ്റ്നസും ലഭിക്കാനുള്ള നടപടിയുണ്ടാകണം.


ഷിബു ജോസഫ്

പി.ടി.എ പ്രസിഡന്റ്

സ്കൂൾ കെട്ടിടത്തിന് എത്രയും വേഗം ഒക്കുപ്പൻസി, ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകണമെന്നാണ് ആഗ്രഹം. നിലവിലെ പ്രശ്നം ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യും.

സരസ്വതി രാമചന്ദ്രൻ, തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ്