x-p
ദേശീയപാതയിൽ വവ്വാക്കാവ് ജംഗ്ഷനിലെ സർവീസ് റോഡിൽ രണ്ട് കെ എസ് ആർ ടി സി ബസുകൾ നിർത്തിയതോടെ കടന്നുപോകുവാൻ കാത്തു കിടക്കുന്ന ഓട്ടോറിക്ഷ .

തഴവ : ദേശീയപാതയിൽ വവ്വാക്കാവ് ജംഗ്ഷനിൽ ബസ് ബേ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു. പുതിയ ദേശീയപാതയുടെ ഭാഗമായി നിർമ്മിച്ച സർവീസ് റോഡിൽ ബസുകൾ നിറുത്തുന്നത് ഗുരുതരമായ ഗതാഗതക്കുരുക്കിന് വഴിയൊരുക്കുകയാണ്. ഇത് പ്രദേശവാസികളെയും യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ ദിവസമാണ് വവ്വാക്കാവ് ജംഗ്ഷനിലെ ഗതാഗതം പൂർണ്ണമായും സർവ്വീസ് റോഡിലേക്ക് മാറ്റിയത്. ഇതോടെ യാത്രക്കാർക്ക്, പ്രത്യേകിച്ച് സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക്, റോഡിന് ഇരുവശവുമുള്ള ഓടയുടെ മുകളിൽ ബസ് കാത്തുനിൽക്കേണ്ട ഗതികേടാണ്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകൾ ഒരുമിച്ച് നിറുത്തുമ്പോൾ സർവീസ് റോഡ് പൂർണമായും തടസപ്പെടുന്നു. പുതിയകാവ് കഴിഞ്ഞാൽ ഏറ്റവും തിരക്കേറിയ ജംഗ്ഷനാണ് വവ്വാക്കാവ്. ആനയടി മുതൽ പാവുമ്പ, മണപ്പള്ളി, മുല്ലശ്ശേരിമുക്ക്, തഴവ, കുലശേഖരപുരം തുടങ്ങിയ നിരവധി മേഖലകളിൽ നിന്നായി ആയിരക്കണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്. വള്ളിക്കാവിൽ പ്രവർത്തിക്കുന്ന വിവിധ പ്രൊഫഷണൽ കോളേജുകളിലെ വിദ്യാർത്ഥികളും വവ്വാക്കാവിനെയാണ് ആശ്രയിക്കുന്നത്.

അധികൃതരുടെ അനാസ്ഥ

സുരക്ഷിതമായി വാഹനം കാത്തുനിൽക്കാൻ ബസ് ബേ സ്ഥാപിക്കാൻ സ്ഥലം ഏറ്റെടുക്കാത്ത അധികൃതരുടെ നടപടിക്കെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വവ്വാക്കാവ് യൗവ്വനയുടെ നേതൃത്വത്തിൽ യാത്രക്കാരിൽ നിന്ന് ഒപ്പുശേഖരണം നടത്തി ഭീമഹർജി നൽകാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കരുനാഗപ്പള്ളിയോട് ചേർന്ന് കിടക്കുന്ന പുതിയകാവ് ജംഗ്ഷനിലും സമാനമായ അവസ്ഥയാണ്. ഇവിടെയും ആയിരക്കണക്കിന് യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാൻ ഇടമില്ല.

അപകട ഭീഷണിയിൽ സർവീസ് റോഡുകൾ

പ്രദേശവാസികളുടെ പൊതുജീവിത ക്രമം പഠിക്കാതെ ദേശീയപാത നിർമ്മാണം ആരംഭിച്ചതാണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. അടിപ്പാത ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി വവ്വാക്കാവിൽ ഉൾപ്പെടെ നിരവധി സമരങ്ങൾ നടന്നിരുന്നു. പ്രധാന ജംഗ്ഷനുകളിൽ ശാസ്ത്രീയമായ രീതിയിൽ ബസ് ബേകൾ ക്രമീകരിക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ വാഹന അപകടങ്ങളും ഗതാഗത തടസവും സർവീസ് റോഡുകളിൽ നിത്യസംഭവമാകുമെന്ന് നാട്ടുകാ‌ർ പറയുന്നു.