കൊല്ലം: നി​ർമ്മാണോദ്ഘാടനം കഴി​ഞ്ഞെങ്കി​ലും പൈലിംഗുമായി ബന്ധപ്പെട്ട തടസങ്ങൾ കാരണം മുടങ്ങി​യ, കാവനാട് മാർക്കറ്റി​ന്റെ നി​ർമ്മാണം നാളെ ആരംഭി​ക്കും.

കഴിഞ്ഞ മെയിലായി​രുന്നു ഉദ്ഘാടനം. പൈലിംഗിന് കുഴി എടുത്തെങ്കിലും പഴയ മാർക്കറ്റ് കെട്ടിടത്തിന്റെ കോൺക്രീറ്റ് തടസമായി. തുടർന്ന് ഇവ പൂർണമായും പൊളിച്ചുനീക്കി. ഇടവിട്ട് മഴ ശക്തമായതിനാൽ ഇവിടെ വെള്ളക്കെട്ടും രൂപപ്പെട്ടു. ഇതോടെ പൈലിംഗ് ജോലികൾ താത്കാലികമായി നിറുത്തിവച്ചു. തടസങ്ങൾ മാറിയതോടെ നാളെ പൈലിംഗ് ജോലികൾ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
ഫിഷറീസ് വകുപ്പിന്റെ 2.95 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് മാർക്കറ്റ് നിർമ്മിക്കുന്നത്. 6,100 ചതുരശ്ര അടി​യി​ൽ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ രണ്ടുനില കെട്ടിടത്തി​ൽ എല്ലാവി​ധ സൗകര്യങ്ങളുമുണ്ടാവും.

ഗുണമേന്മയുള്ള മത്സ്യം ശുചിത്വമാർന്ന അന്തരീക്ഷത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ഒരു വർഷമാണ് നിർമ്മാണ കാലാവധി. തീരദേശ വികസന കോർപ്പറേഷനാണ് നിർമ്മാണ നിർവഹണ ഏജൻസി. മാർക്കറ്റ് പുനർ നിർമ്മാണത്തിന്റെ
ഭാഗമായി കച്ചവടക്കാരെ ദേശീയപാതയോത്തെ ആൽത്തറമൂടിന് സമീപത്തേക്ക് മാറ്റിയിരുന്നു.



രണ്ട് നിലയിൽ സൗകര്യങ്ങൾ

 താഴത്തെ നിലയിൽ കച്ചവട സ്റ്റാളുകൾ
 ഓരോ സ്റ്റാളിലും സ്റ്റെയിൻലെസ് സ്റ്റീൽ ഡിസ്‌പ്ളേ ടേബിളുകൾ
 മീൻ വെള്ളം ഉൾപ്പെടെയുള്ളവ ഒഴുകിപ്പോകാൻ ഡ്രെയിനേജ് സംവിധാനം
 മലിനജലം സംസ്‌കരിക്കാൻ എഫ്ലുന്റ് ട്രീറ്റ്മെന്റ് പ്ലാന്റ്
 ബയോഗ്യാസ് പ്ലാന്റ്, ടോയ്ലറ്റ്, ഇന്റർലോക്ക് ചെയ്ത മുറ്
 രണ്ടാമത്തെ നിലയിൽ ഓഫീസ്, ഹെൽത്ത് ഇൻസ്പെക്ടറുടെ മുറി, ഫുഡ് സേഫ്ടി​ റൂം, ഫ്രീസർ റൂം, 150 പേരെ ഉൾക്കൊള്ളുന്ന കോൺഫറൻസ് ഹാൾ




നാളെ നിർമ്മാണം ആരംഭിക്കും. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്

തീരദേശ വികസന കോർപ്പറേഷൻ അധികൃതർ