കുളത്തുപ്പുഴ: ചോഴിയക്കോട് മിൽപ്പാലം ഭാഗത്ത് കാട്ടുപോത്തുകൾ ജനവാസ മേഖലയിലേക്ക് കൂട്ടമായി ഇറങ്ങുന്നത് പതിവായതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്. ശംഖിലി വനമേഖലയിൽ നിന്ന് കല്ലടയാറും ചെറുതോടും കടന്നാണ് കാട്ടുപോത്തുകൾ ജനവാസ മേഖലയിലേക്ക് എത്തുന്നത്. എല്ലാ ദിവസവും വൈകിട്ട് ആറ് മണിയോടെ കാട്ടുപോത്തുകൾ വനമേഖലയോട് ചേർന്നുള്ള സ്വകാര്യ പുരയിടങ്ങളിൽ തമ്പടിക്കുന്നത് പതിവാണ്. രാത്രി ഒൻപത് മണിക്ക് ശേഷം പഞ്ചായത്ത് റോഡും കടന്ന് സമീപത്തെ കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കുന്ന ഇവ നേരം പുലരും വരെ വിളകൾ നശിപ്പിക്കുന്നു. കർഷകർക്ക് ഇത് വലിയ നഷ്ടമാണ് വരുത്തിവെക്കുന്നത്. പുലർച്ചെ വനത്തിലേക്ക് അതിവേഗം ഓടിമറയുന്ന കാട്ടുപോത്തുകളെ പേടിച്ചാണ് മിൽപ്പാലം പഞ്ചായത്ത് റോഡിലൂടെ യാത്രക്കാർ സഞ്ചരിക്കുന്നത്.
പാഴായ പദ്ധതികൾ, കടലാസിലൊതുങ്ങിയ വാഗ്ദാനങ്ങൾ
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി കഴിഞ്ഞ വർഷം പുനലൂർ എം.എൽ.എ. പി.എസ്. സുപാൽ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തയ്യാറാക്കിയ പദ്ധതികളെല്ലാം കടലാസിൽ ഒതുങ്ങിയെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുൻപ് കോടികൾ മുടക്കി വനാതിർത്തികളിൽ സ്ഥാപിച്ച സോളാർ വേലികൾ ഇപ്പോൾ മണ്ണിനടിയിലായ നിലയിലാണ്. കൂടാതെ, നബാർഡ് ഫണ്ട് ഉപയോഗിച്ച് കോടികൾ ചെലവഴിച്ച് നടത്തിയ മറ്റ് പദ്ധതികളും ഫലം കണ്ടില്ല.
ഒരു ജീവൻ പൊലിയുന്നത് വരെ കാത്തിരിക്കുകയാണോ അധികൃതർ?" വനാതിർത്തികളിൽ ആനക്കിടങ്ങുകൾ സ്ഥാപിച്ചാൽ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയൂ . അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ട് ശാശ്വത പരിഹാരം കാണണം. ഈ സാഹചര്യം തുടരുകയാണെങ്കിൽ പ്രദേശത്ത് വലിയ ദുരന്തങ്ങൾ സംഭവിക്കാനുള്ള സാദ്ധ്യതയു ണ്ട്.
പ്രദേശവാസികൾ