കൊല്ലം: ആംബുലൻസുകളിലെ നിയമലംഘനങ്ങളെ പറ്റി വ്യാപക പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് മിന്നൽ പരിശോധന നടത്തി. ജില്ലാ ആശുപത്രി, മെഡിസിറ്റി ആശുപത്രികളുടെ പരിസരം കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
21 ആംബുലൻസുകൾ പരിശോധിച്ചു. നികുതി അടയ്ക്കാതെ സർവീസ് നടത്തിയ ഒരു ആംബുലൻസിനെതിരെ നടപടിയെടുത്തു. ഉദ്യോഗസ്ഥരെ കണ്ട് ഡ്രൈവർമാരിൽ ചിലർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഈ ആംബുലൻസുകൾ പിടിച്ചെടുത്തു.
എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എ.കെ.ദിലുവിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഉദ്യോഗസ്ഥരെ മൂന്ന് ടീമുകളായി തിരിച്ച് എക്സൈസ് വകുപ്പുമായി ചേർന്നാണ് പരിശോധന നടത്തിയത്. എം.വി.എമാരായ അനിൽ, ദീപു, എക്സൈസ് വകുപ്പ് ഇൻസ്പെക്ടർ സന്തോഷ്, അസി. ഇൻസ്പെക്ടർ ആർ.ജി.വിനോദ്, സഹാല്ലുദ്ദീൻ പ്രിവന്റീവ് ഓഫീസറായ ടി.വി.ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്.
ജില്ലയിൽ വ്യാപക പരാതി
നാല് ആംബുലൻസുകൾ കസ്റ്റഡിയിലെടുത്തു
ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി
നിയമലംഘനങ്ങൾക്ക് 11 കേസ് രജിസ്റ്റർ ചെയ്തു
ആംബുലൻസുകളുടെ നിയമലംഘനം തടയുന്നതിന് ജില്ലയിൽ 'ഓപ്പറേഷൻ വൈറ്റ്' എന്ന പേരിൽ മഫ്തി പരിശോധന തുടരും.
മോട്ടോർ വാഹന വകുപ്പ് അധികൃതർ