തഴവ : കല്ലേലിഭാഗം ശ്മശാനത്തിൽ പ്രവേശിക്കുന്നത് തടഞ്ഞതിനെ തുടർന്നുണ്ടായ ആക്രമണക്കേസിൽ ഒളിവിൽ പോയ പ്രതി ഇടക്കുളങ്ങര കണ്ടത്തിൽ തറയിൽ കിച്ചു കൃഷ്ണൻ (25) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി. 2025 ജൂൺ 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കല്ലേലിഭാഗം എസ്.സി.എസ്.ടി ശ്മശാനത്തിന് സമീപം വെച്ച് നരീഞ്ചിക്കോളനി സ്വദേശികളായ അബിയെയും അഭിരാജിനെയും കിച്ചുവും സുഹൃത്തും ചേർന്ന് ആക്രമിക്കുകയായിരുന്നു. സിമന്റ് കട്ടകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും കൈവശമുണ്ടായിരുന്ന കത്തികൊണ്ട് അഭിരാജിനെ കൈയിൽ കുത്തുകയുമായിരുന്നു. അഭിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത കരുനാഗപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിനുശേഷം ഒളിവിൽപ്പോയ പ്രതി ആന്ധ്രപ്രദേശിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് പൊലീസ് ആന്ധ്രപ്രദേശിലെ കടപ്പാ എന്ന സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്ന കിച്ചുവിനെ പിടികൂടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.എച്ച്.ഒ വി.ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, ആഷിക്, അജിജോസ് , എസ്.സി.പി.ഒ ഹാഷിം ,സി.പി.ഒ ജിഷ്ണു ,ഗ്രീഷ്മ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.