പത്തനാപുരം: പത്തനാപുരം-പുന്നല ഗ്രാമീണ പാത അപകടക്കെണിയായി മാറിയിട്ട് മൂന്ന് വർഷം പിന്നിടുന്നു. റോഡിലെ കല്ലംമുട്ടം കലങ്ങ് ഭാഗത്ത് ചെളിക്കുണ്ടിൽ ചരക്കുമായി വന്ന ടോറസ് ലോറി രണ്ടാം തവണയും പുതഞ്ഞതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. പിന്നീട് ജെ.സി.ബി എത്തിയാണ് ലോറി നീക്കം ചെയ്തത്. ഇതോടെ ഈ വഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം താത്കാലികമായി നിറുത്തിവെച്ചു.
ദുരിതത്തിലായി ഗ്രാമീണ മേഖല
ചാച്ചിപുന്ന, തച്ചൻകോട്, പുന്നല, കടശേരി, കറവൂർ തുടങ്ങിയ കാർഷിക മേഖലകളിലെ യാത്രാക്ലേശം ഇതോടെ അതിരൂക്ഷമായി. സ്കൂൾ ബസുകളും കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളും സർവീസ് നിറുത്തിവെച്ചതോടെ വിദ്യാർത്ഥികളും മറ്റ് യാത്രക്കാരും വലിയ ദുരിതമാണ് അനുഭവിക്കുന്നത്.
നിർമ്മാണത്തിലെ അനാസ്ഥ
മൂന്ന് വർഷം മുമ്പ് പുനർനിർമ്മാണം ആരംഭിച്ച റോഡിലെ കല്ലംമുട്ടത്ത് കലുങ്കിന്റെ പണി ആരംഭിച്ചതാണ് പാത അപകടക്കെണിയാകാൻ പ്രധാന കാരണം. രണ്ട് മാസം മുൻപ് ഇവിടെ റോഡിന്റെ വശം ഇടിഞ്ഞ് ഒരു തടി ലോറി മറിഞ്ഞിരുന്നു. അന്നും വാഹനഗതാഗതം കുറച്ച് നാൾ നിറുത്തിവെച്ചിരുന്നു. നിലവിലുണ്ടായിരുന്ന പാതയുടെ കലുങ്ക് നിർമ്മാണം പൂർത്തിയാക്കാതെ കനത്ത മഴയത്ത് മുറിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പ്രധാന കാരണം. പൊതുമരാമത്തിന്റെ നിയന്ത്രണത്തിലുള്ള ഈ ഗ്രാമീണ പാത എഫ്.ഡി.ആർ സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരണ ജോലികൾ നേരത്തെ ആരംഭിച്ചിരുന്നു. എന്നാൽ നിർമ്മാണം പൂർത്തിയാക്കാൻ കരാറുകാരന് കഴിയാത്തതാണ് ഈ ഭാഗം അപകടക്കെണിയാകാൻ കാരണം. റോഡിന്റെ തകർച്ച കാരണം പുന്നല അടക്കമുള്ള പ്രദേശങ്ങളിലെ താമസക്കാരുടെ ദുരിതയാത്ര തുടരുന്നതിൽ ജനങ്ങൾ കടുത്ത ആശങ്കയിലാണ്.