പടിഞ്ഞാറെ കല്ലട: പടിഞ്ഞാറെ കല്ലട-ചവറ ഭരണിക്കാവ് സംസ്ഥാനപാതയിലെ തേവലക്കര തോപ്പിൽ മുക്ക് ജംഗ്ഷനിൽ റോഡിലേക്ക് ചാഞ്ഞുനിന്ന അപകടകരമായ മരം മുറിച്ചുമാറ്റി. തേവലക്കര ബോയ്സ്, ഗേൾസ്, കോവൂർ യുപിഎസ്, എന്നീ സ്കൂളിലെ നൂറുകണക്കിന് വിദ്യാർത്ഥികളും നാട്ടുകാരും ബസ് കയറാനും ഇറങ്ങാനും സ്ഥിരമായി ഉപയോഗിക്കുന്ന ഈ ജംഗ്ഷനിലെ മരം ഭീഷണിയായി മാറിയിരുന്നു. കൂടാതെ നിരവധി വാഹനങ്ങൾ രാപകലില്ലാതെ കടന്നുപോകുന്ന ഒരു പ്രധാന കവല കൂടിയാണിത്.
വാർത്ത തുണയായി
നാട്ടുകാരുടെ നിരന്തരമായ പരാതിയെത്തുടർന്ന് കഴിഞ്ഞ മാസം 19-ന് "തേവലക്കര തോപ്പിൽ മുക്ക് ജംഗ്ഷനിൽ യാത്രക്കാർക്ക് ഭീഷണിയായി മരങ്ങൾ" എന്ന തലക്കെട്ടോടെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മരം മുറിച്ചുമാറ്റുന്നതിനായി ഭൂ ഉടമയ്ക്ക് നോട്ടീസ് നൽകി. ഇതിന് പിന്നാലെ കരുനാഗപ്പള്ളി മോട്ടോർ വാഹന വകുപ്പ് അധികൃതർ സ്ഥലപരിശോധന നടത്തുകയും മരം മുറിച്ചുമാറ്റാൻ ഉടമയ്ക്ക് നിർദ്ദേശം നൽകുകയും ചെയ്തു. തുടർന്നാണ് കഴിഞ്ഞദിവസം മരം ഉടമ തന്നെ മുറിച്ചുമാറ്റിയത്. ഇതോടെ വിദ്യാർത്ഥികളും കാൽനടയാത്രക്കാരും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.