കൊല്ലം: ഇരവിപുരത്ത് മോഷണം തുടർക്കഥയായിട്ടും പൊലീസ് ഇടപെടൽ ഫലപ്രദമല്ലെന്ന് പരാതി. രണ്ട് മാസത്തിനുള്ളിൽ മൂന്ന് ക്ഷേത്രങ്ങളിലടക്കം പത്തിലധികം മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മോഷണ ശ്രമം പലേടത്തും നടന്നതായും പരാതികളുണ്ട്. ഇരവിപുരം വഞ്ചിക്കോവിൽ ശ്രീശരവണ ക്ഷേത്രത്തിലെ വഞ്ചി കഴിഞ്ഞ ദിവസം രാത്രി കുത്തിപ്പൊളിച്ച് പണം അപഹരിച്ചു. ചൂട്ടറ ശ്രീദുർഗാ ദേവീ ക്ഷേത്രത്തിലും കന്നിമ്മേൽക്കാവ് ക്ഷേത്രത്തിലും മോഷണം നടന്നത് ഇതിനു തൊട്ടുമുൻപാണ്. രണ്ടിടത്തും പണമടങ്ങിയ വഞ്ചികൾ അപഹരിച്ചു. നിരവധി വീടുകളിലും മോഷണം നടന്നു, പണവും ഉപകരണങ്ങളുമടക്കം മോഷ്ടിച്ചു. ചൂട്ടറ ക്ഷേത്രത്തിന് സമീപം ഒരു കടയുടെ പൂട്ട് പൊളിക്കാൻ ശ്രമം നടന്നിരുന്നു. പൂട്ടിന്റെ പകുതിഭാഗം അറുത്ത നിലയിലാണ് തൊട്ടടുത്ത ദിവസം കണ്ടത്. ഇവിടത്തന്നെ ഒരു വീട്ടിൽ മോഷണ ശ്രമത്തിനിടെ ഒരാളെ നാട്ടുകാർ പിടികൂടിയെങ്കിലും സമീപത്തുതന്നെയുള്ള ഇയാൾ സ്ഥിരം മോഷ്ടാവല്ലെന്ന് വ്യക്തമായി. മറ്റ് മോഷ്ടാക്കളാണ് ഇരവിപുരം കേന്ദ്രീകരിച്ച് കഴിഞ്ഞ കുറേ നാളുകളായി സ്വസ്ഥ ജീവിതം നശിപ്പിക്കുന്നത്.
കാർഷിക വിളകളുടെ മോഷണവും പതിവാണ്. ഇരവിപുരം പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടം നിർമ്മിക്കാനായി വഞ്ചിക്കോവിലിന് സമീപം 27 സെന്റ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് തൊട്ടടുത്താണ് രാത്രികാല മോഷണം പതിവായിരിക്കുന്നത്. പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാടിന്റെ ആവശ്യം.