photo
ടൗൺ യു.പി സ്കൂളിന് മുന്നിൽ വവ്വാലുകളുടെ സ്ഥിരം താവളമായ വലിയ മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുനീക്കുന്നു

കൊല്ലം: ടൗൺ യു.പി സ്കൂളിന് മുന്നിലെ വൻ മരത്തിൽ തമ്പടിക്കുന്ന വവ്വാലുകളെ തുരത്താനായി മരത്തിന്റെ ശിഖരങ്ങൾ കോതിയൊതുക്കി. വവ്വാലുകളുടെ സാന്നിദ്ധ്യം കുട്ടികൾക്കും അദ്ധ്യാപകർ അടക്കമുള്ള ജീവനക്കാർക്കും ഭീഷണിയാകുന്നത് ചൂണ്ടിക്കാട്ടി കഴിഞ്ഞ രണ്ടിന് 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്നാണ് നടപടി.

ഈ മരത്തിൽ നൂറുകണക്കിന് വവ്വാലുകളാണ് ദിവസവും ചേക്കേറിയിരുന്നത്. കൊച്ചുകുട്ടികൾ പഠിക്കുന്ന സ്കൂളിന് മുന്നിലെ വവ്വാലുകൾ

നിപ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഭീതി പരത്തിയിരുന്നു. വവ്വാലുകളുടെ വിസർജ്യം സ്കൂൾ വളപ്പിലേക്കാണ് വീഴുന്നത്, കുട്ടികളുടെയും അദ്ധ്യാപകരുടെയും ദേഹത്ത് വീഴുന്നതും പതിവായിരുന്നു. ദേശീയപാതയോരത്ത്, സിവിൽ സ്റ്റേഷന് സമീപത്തെ മരമായതിനാൽ എപ്പോഴും ഇതിന്റെ തണൽപറ്റി ആളുകളുണ്ടാകും. അവരുടെ ദേഹത്തേക്കും വവ്വാലുകൾ വിസർജിക്കുമായിരുന്നു. വവ്വാലുകളെ ഇവിടെ നിന്ന് മാറ്റുംവിധം മരങ്ങളുടെ ശിഖരങ്ങൾ വെട്ടിയൊതുക്കണമെന്ന് സ്കൂൾ അധികൃതർ നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ അധികൃതർ ഗൗനിച്ചില്ല. വാർത്തയെത്തുടർന്ന് പ്രതിഷേധം ശക്തമാകുമെന്ന് വന്നപ്പോഴാാണ് നടപടിയുണ്ടായത്.

വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട അപകട സാദ്ധ്യതകളെല്ലാം ഉടൻ പരിഹരിക്കണമെന്ന സർക്കാർ നിർദ്ദേശംകൂടി ഉള്ളതിനാൽ ചില്ല വെട്ടിമാറ്റലിന് വേഗം വന്നു. സ്കൂൾ വളപ്പിലെ പഴയ ജില്ലാ ടെക്സ്റ്റ് ബുക്ക് ഡിപ്പോയുടെ അപകടാവസ്ഥയും കാടുമൂടുന്ന പരിസരവും വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിലും ഉടൻ പരിഹാരമുണ്ടാകും.